രാജേഷ് തില്ലങ്കേരി
മുഖ്യമന്ത്രിയുടെ അടുക്കളയില്‍വരെ പ്രവേശനമുള്ള ആ വ്യവസായ പ്രമുഖന് ആരെന്ന ചോദ്യമാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് ഉയരുന്നത്.സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും പ്രമുഖ നേതാവുമായ കരമന ഹരി കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണവും ആ വ്യവസായിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധമായിരുന്നു. ആരാണ് ആ വ്യവസായി? യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് പേര് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോഴും ആ വ്യവസായിയുടെ പേര് ആരോപണ മുന്നയിച്ച നേതാവോ,അദ്ദേഹത്തെ അനുകൂലിക്കുന്നവരോ വെളിപ്പെടുത്തിയില്ല.തലസ്ഥാനത്തെ മാധ്യമങ്ങളും ആ വ്യവയായിയുടെ പേര് രഹസ്യമാക്കിവച്ചു. അത്രയും രഹസ്യമായി സൂക്ഷിക്കേണ്ട പേരാണോ ആ വ്യവസായിയുടേതെന്ന സംശയം വര്‍ധിച്ചു.അജ്ഞാതനായ ആ വ്യവസായി ആരാണെന്ന ലക്ഷക്കണക്കിന് മലയാളികളുടെ ചോദ്യത്തിനുള്ള ഉത്തരം ഞങ്ങള്‍ കണ്ടെത്തെത്തി, അതേ നാട്ടുകാരെ അത് മറ്റാരുമല്ല ബാര്‍ ഹോട്ടല്‍ ഉടമകളുടെ നേതാവായ ചൈന സുനില്‍ എന്ന സുനില്‍ കുമാറാണ് ആ വിവാദ വ്യവസായി.
സമുന്നതനായ കമ്യൂണിസ്റ്റ് നേതാവുകൂടിയായ കേരള മുഖ്യമന്ത്രിക്ക് എന്താണ് ചൈനാ സുനില്‍ എന്ന വ്യവസായിയുമായി ഇത്രയേറെ ആത്മബന്ധമെന്ന സംശയം പിന്നേയും ബാക്കിയാണ്. വ്യവസായ പ്രമുഖരും അതിസമ്പന്നന്മാരുമായുള്ള ചങ്ങാത്തത്തെയാണ് കരമന ഹരി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സി പി എമ്മിനേറ്റ കനത്ത പരാജയങ്ങളുടെ കാരണങ്ങളില്‍ പലതില്‍ ഒന്നായി എല്ലാ ജില്ലാ കമ്മിറ്റികളും എടുത്തുപറഞ്ഞത് മുഖ്യമന്ത്രിയുടെ ധാര്ഷ്ഠ്യത്തെക്കുറിച്ചായിരുന്നു. സാധാരണക്കാരായവരില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവായിരുന്നിട്ടുകൂടി സാധാരണക്കാരെ പരിഗണിക്കാത്ത മുഖ്യമന്ത്രിയായി പിണറായി വിജയന് മാറിയെന്നും, മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ പ്രവേശനം നല്‍കാത്തതും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റും നിയന്ത്രിക്കുന്നത് ബാഹ്യ ശക്തികളാണെന്നുമാണ് കരമന ഹരി സി പി എം ജില്ലാ കമ്മിറ്റിയോഗത്തില്‍ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം പ്രവേശനമുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളാണ് വ്യവസായ പ്രമുഖനെന്നായിരുന്നു ആരോപണം.
ബാര്‍ ഹോട്ടല്‍ അടക്കം വിവിധ സ്ഥാപനങ്ങളുടെ ഉടമയായ ചൈനാ സുനില്‍ തിരുവനന്തപുരത്തെ ഏറ്റവും അറിയപ്പെടുന്ന വ്യവസായിയാണ്. ബാര്‍ ഹോട്ടലുകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുകൂടിയാണ് ചൈനാ സുനില്‍.ബാര്‍ ഹോട്ടലുകളുടെ സമയം ദീര്‍ഘിപ്പിക്കുന്നതിനും ഒന്നാം തീയതിയത്തെ ഡ്രൈ ഡേ എടുത്തുകളയുന്നതിനുമായി സര്‍ക്കാര്‍ നീക്കം നടത്തിയതും,ബാര്‍ ഹോട്ടല്‍ ഉടമകളില്‍ നിന്നും പണപ്പിരിവു നടത്തിയതും വലിയ വിവാദമായിരുന്നു.ഈ വിവാദം പെട്ടെന്ന് വഴിതിരിച്ച് വിടാനും സര്‍ക്കാരിനെ രക്ഷിക്കാനുമായി സംസ്ഥാന പ്രസിഡന്റായ സുനില്‍ കുമാര്‍ ഇടപെട്ടതും പണപ്പിരിവ് നടത്തിയത് അസോസിയേഷന് തിരുവനന്തപുരത്ത് പണിയുന്ന ആസ്ഥാന മന്ദിരത്തിനുവേണ്ടിയായിരുന്നുവെന്ന പ്രസ്താവനയുമായി രംഗത്തെത്തിയതും കേരളം കണ്ടതാണല്ലോ.സുനില്‍കുമാറിന്റെ വെളിപ്പെടുത്തല്‍ സത്യമായിരുന്നില്ലെന്നതിന് പിന്നീട് നിരവധി തെളിവുകള്‍ നിരത്തപ്പെട്ടെങ്കിലും അക്കാര്യമൊന്നും വലിയ ചര്‍ച്ചയായി വരാതിരിക്കാന്‍ മലയാള മാധ്യമങ്ങളും ശ്രദ്ധിച്ചു.ചൈനാ സുനിലിന് മുഖ്യമന്ത്രിയിലും സി പി എമ്മിന്റെ ഉന്നത നേതാക്കളുമായുമൊക്കെയുള്ള ബന്ധം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറിക്ക് കാരമാവുകയാണ് അബ്ക്കാരി ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനായി രഹസ്യമായി നടന്ന ചര്‍ച്ചകള്‍ പുറത്തുവന്നത് സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
പൊതു വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചകള്‍ നടത്താതെ രഹസ്യമായി കാര്യങ്ങള്‍ തീരുമാനിക്കുന്നതിനെതിരെ സി പി എമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഇതിനിടയിലാണ് കരമന ഹരി മുഖ്യമന്ത്രിക്കെതിരെ വ്യവസായിക്കുള്ള സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. വഴിവിട്ട ഇത്തരം ബന്ധങ്ങള്‍ പാര്‍ട്ടിക്ക് ഏറെ ദോഷം ചെയ്യുകയാണെന്നും, ഇതാണ് ആദ്യം തിരുത്തേണ്ടത് എന്നാണ് ഹരിയുടെ നിലപാട്. സിപി എമ്മിനോട് വിടപറയുന്ന ഹരി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.വരും ദിവസങ്ങളില്‍ കരമന ഹരി പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കാനുള്ള സാധ്യതയാണുള്ളത്. കരമന ഹരിയെ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഒരിടത്തുനിന്നും മത്സരിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. അവസാനഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പേര് വെട്ടിയത്. നഗരത്തില്‍ വലിയ സ്വാധീനമുള്ള സി പി എം നേതാവാണ് കരമന ഹരി. ഹരിയെ പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെന്നാണ് ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷം നേതാക്കളുടേയും നിലപാട്. എന്നാല്‍ തനിക്കെതിരെ നീക്കം നടത്തിയ ഹരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇത് തിരുവനന്തപുരം നഗരത്തില്‍ സി പി എമ്മിനുള്ള സ്വാധീനം പൂര്‍ണമായും നഷ്ടപ്പെടുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം.
സുനില്‍ കുമാറിന് മുഖ്യമന്ത്രിയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായുമുള്ള അടുത്ത ബന്ധത്തെക്കുറിച്ച് നേരത്തെയും കരമന ഹരി ജില്ലാ കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.സി പി എം നേതാക്കള്‍ ഇടപെട്ടാല്‍ നടക്കാത്ത കാര്യങ്ങള്‍ ചൈനാ സുനില്‍ വിചാരിച്ചാല്‍ നടക്കുമെന്ന അവസ്ഥയാണെന്നാണ് കരമന ഹരി ഉന്നയിച്ച ആരോപണത്തിലുള്ളത്.പാര്‍ട്ടിക്കാരായവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും വ്യവസായികള്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്യുന്നത് പാര്‍ട്ടിയെ സ്വകാര്യവത്കരിക്കുന്നതിന് തുല്യമാണെന്നാണ് മറ്റു ചില നേതാക്കളുടേയും അഭിപ്രായം.സംസ്ഥാനത്തെ അബ്കാരി ചട്ടം ഭേദഗതി ചെയ്യുന്നതിനായി ചൈനാ സുനില്‍ നേരിട്ട് മുഖ്യമന്ത്രിയുമായി ധാരണയുണ്ടാക്കിയെന്നാണ് ഉയരുന്ന പരാതി. മുഖ്യമന്ത്രിയുമായുള്ള ബാര്‍ ഹോട്ടല്‍ സംഘടനാ നേതാവിനുള്ള അടുപ്പമാണ് ബാറിന്റെ സമയം നീട്ടുന്നതിനും ഡ്രൈ ഡേ മാറ്റുന്നതിനുമുള്ള ആലോചനകള്‍ നടന്നത്.