മട്ടന്നൂര്‍: വിമാനത്താവളത്തില്‍ ചിറകടിച്ചും പീലിവിടര്‍ത്തിയും നിറയുന്ന മയിലുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ മന്ത്രിതലയോഗം.റണ്‍വേക്ക് സമീപവും മറ്റും കൂട്ടമായെത്തുന്ന മയിലുകള്‍ വ്യോമഗതാഗതത്തിന് ഭീഷണിയാകുന്നത് തടയാനാണ് നടപടി. കണ്ണൂര്‍ വിമാനത്താവളത്തിലാണ് വെള്ളിയാഴ്ച വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ ദേശീയപക്ഷിയുടെ ചിറകൊതുക്കാനുള്ള അപൂര്‍വമായ യോഗം നടക്കുക.
കഴിഞ്ഞ ദിവസം വനംമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗം വിഷയം ചര്‍ച്ചചെയ്തിരുന്നു. വിമാനത്താവളത്തിന് സമീപത്തെ മയിലുകളെ പിടിച്ച് പുനരധിവസിപ്പിക്കാനാണ് തീരുമാനിച്ചത്. വെള്ളിയാഴ്ച മന്ത്രി ശശീന്ദ്രന്, കിയാല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുമായി വിഷയം ചര്‍ച്ചചെയ്യും. മുന്‍കരുതലായാണ് നടപടിയെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു
മൂര്‍ഖന്‍പറമ്പില്‍ 2,500 ഏക്കറിലാണ് കണ്ണൂര്‍ വിമാനത്താവളം. ഭൂരിഭാഗവും കുറ്റിക്കാടുകളും കുന്നിന്‍ചെരിവുകളുമുള്ള പ്രദേശങ്ങളാണ്. ഈ കാടുകളിലുണ്ടായിരുന്ന മയില്‍, കുറുനരി, പന്നി തുടങ്ങിയ ജീവികള്‍ പലപ്പോഴും വിമാനത്താവള പരിസരങ്ങളില്‍ ഉണ്ടാകാറുണ്ട്. വിമാനത്താവളത്തിന്റെ ഉദ്ഘാടനദിവസം റണ്‍വേയില്‍ കുറുക്കനെ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം പ്രദേശത്ത് പുലിയെ കണ്ടതായും സംശയമുണ്ടായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രാത്രി പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടത്. വനം വകുപ്പ് അധികൃതരെത്തി ക്യാമറ സ്ഥാപിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.