വൈദ്യുതി ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തിരുവമ്പാടി കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ ആക്രമണം നടത്തിയെന്നാരോപിച്ച് വീട്ടുകാരുടെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി എംഡിയെ ന്യായീകരിച്ചും പിന്തുണച്ചും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എംഡിയുടെ നടപടിയെന്നും അക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പു തന്നാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നും യുപി മോഡല്‍ പ്രതികാരമൊന്നുമല്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.കെഎസ്ഇബി അധികൃതരുടെ നടപടിക്കെതിരെ ഇന്ന് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. കെഎസ്ഇബി നടത്തിയത് പകപോക്കല്‍ ആണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ആരോപിച്ചു.
മക്കള്‍ ചെയ്തതിനുള്ള പ്രതികാരമായാല്ല വീട്ടുകാരുടെ വൈദ്യുതി വിച്ഛേദിച്ചത്. ഉടമയും ജീവനക്കാരോട് മോശമായി പെരുമാറി. പൊലീസ് നടപടി പോലെ അല്ല എംഡിയുടെ നടപടിയെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം, തിരുവമ്പാടിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ സമരം തുടരുമെന്ന് വീട്ടുടമസ്ഥന് പറഞ്ഞു. ആശുപത്രി വിട്ടാല്‍ നേരെ കെഎസ്ഇബി ഓഫീസില്‍ എത്തി സമരം തുടരുമെന്ന് വീട്ടുടമസ്ഥാന്‍ റസാഖും ഭാര്യ മറിയവും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.