കോഴിക്കോട്: പി.എസ്.സി. അംഗത്വത്തിന് കോഴവാങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം. നേതാവ് പ്രമോദ് കോട്ടൂളി. തന്നെ മനസിലാക്കാതെയാണ് ആഡംബരജീവിതം നയിക്കുന്നു, റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധമുണ്ട് എന്നെല്ലാം പറയുന്നത്. ആക്ഷേപമുയരാന്‍ കാരണമെന്താണെന്ന് അറിയില്ല. ചിരിക്കുന്നവര്‍ മുഴുവന്‍ സുഹൃത്തുക്കളല്ല.വിവാദത്തില്‍ വിശദീകരണം നല്കാന് പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് മുമ്പാകെ എത്തിയപ്പോഴാണ് പ്രതികരണം. പ്രമോദിന്റെ വിശദീകരണം പരിശോധിച്ചശേഷം പാര്‍ട്ടി നടപടികള്‍ വേണോ എന്നകാര്യം തീരുമാനിക്കും.
താനെന്തോ ഭീകരമായ റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ള അമാനുഷികനായ ആളായാണ് വാര്‍ത്തകളില്‍ ചിത്രീകരിക്കുന്നത്. താന്‍ ബന്ധപ്പെട്ട വിഷയങ്ങളും എടുത്ത വായ്പയുമടക്കം തുറന്നകാര്യമാണ്, പലര്‍ക്കും അതറിയാം. 20 വര്‍ഷത്തോളമായി ഓണത്തിനും വിഷുവിനുമെല്ലാം തെരുവിലുള്ള ആളുകള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ആളാണ്. അവരുമായി തനിക്ക് നല്ല ബന്ധമാണ്. തെരുവില്‍ കഴിയുന്ന, അന്തിയുറങ്ങാന്‍ പറ്റാത്ത മനുഷ്യന്മാര് റിയല്‍ എസ്റ്റേറ്റുകാരാണെങ്കില്, അവരുടെകൂടെ താനെന്നും ജീവച്ചുകൊണ്ടിരിക്കുകയാണെന്നും പ്രമോദ് പറഞ്ഞു.
പി.എസ്.സി. അംഗത്തെ നിയമിക്കാന്‍ കഴിയുമെന്ന് പറയുന്ന ആളാണെങ്കില്‍ ഗവര്‍ണറെ തീരുമാനിക്കുന്ന ആളാണ് താനെന്നും പറയില്ലേ? ഇത്രയും കാലം നഗരത്തില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധമുണ്ടെങ്കില്‍, ആയാള്‍ക്കൊരു കടം ഉണ്ടാവാന്‍ പാടുണ്ടോ? ഇങ്ങനെയൊരു ആളാണെന്ന് മകന്റെ മുന്നില്‍ അറിയപ്പെടാന്‍ ഏതെങ്കിലും അച്ഛന് ആഗ്രഹമുണ്ടാവുമോ? പാര്‍ട്ടിയാണ് ജീവിതം. തീയുണ്ടാക്കിയവര് പുകയെക്കുറിച്ച് പറയട്ടെ. താനൊരു കുറ്റവും സമ്മതിച്ചിട്ടില്ല, അങ്ങനെ കൊടുത്ത വാര്‍ത്ത തെറ്റാണ്. ജീവിതത്തിന്റെ പാതി കഴിഞ്ഞുവെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.