തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ മദര്‍ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. ഉദ്ഘാടന പ്രസംഗത്തില്‍ ഒരിടത്ത് പോലും അദ്ദേഹം ഉമ്മന്‍ ചാണ്ടിയേയോ യു.ഡി.എഫ്. സര്‍ക്കാരിനേയോ പരാമര്‍ശിച്ചില്ല. പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതിരുന്ന പിണറായി വിജയന് തന്റെ സര്‍ക്കാരുകളില്‍ തുറമുഖ മന്ത്രിമാരായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റേയും അഹമ്മദ് ദേവര്‍കോവിലിന്റെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു.അതേസമയം വി.എന്‍. വാസവനും കരണ്‍ അദാനിയും എ. വിന്‍സെന്റും പ്രസംഗങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ പരാമര്‍ശിച്ചു.
വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിടാന്‍ കഴിഞ്ഞത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടമാണെന്നാണ് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന് പറഞ്ഞത്. കരണ്‍ അദാനിയും മുന്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചാണ് പ്രസംഗം ആരംഭിച്ചത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ ആത്യന്തികമായി ശ്രമിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നാണ് കോവളം എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എ. വിന്‍സെന്റ് ചടങ്ങില്‍ പറഞ്ഞത്.വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാനായി ഇതിന് മുമ്പുള്ള ഓരോ സര്‍ക്കാരുകളും ആത്മാര്‍ഥമായി പരിശ്രമിച്ചു. ഇതിനായി ആത്യന്തികമായി ശ്രമിച്ചത് ഉമ്മന്‍ചാണ്ടിയാണ്. അതിന്റെ പേരില്‍ ഒരുപാട് പഴികള്‍ അദ്ദേഹം കേട്ടു. ജുഡീഷ്യല്‍ അന്വേഷണവും വിജിലന്‍സ് അന്വേഷണവും ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ അദ്ദേഹം നേരിട്ടു. ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ഏറ്റവുമധികം സന്തോഷിക്കുക അദ്ദേഹമായിരുന്നു.’ -എ. വിന്‍സെന്റ് പറഞ്ഞു.
ഇന്നത്തെ വേദിയില്‍ പ്രതിപക്ഷനേതാവ് കൂടി ഉണ്ടായിരുന്നെങ്കില്‍ ചടങ്ങ് കൂടുതല്‍ മനോഹരമാകുമായിരുന്നുവെന്നും വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയവ്യത്യാസമില്ലാതെ മുന്നോട്ടുപോകണമെന്നും വിന്‍സെന്റ് പറഞ്ഞു. തുറമുഖവുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളില്‍ 50 ശതമാനം പ്രദേശവാസികള്‍ക്ക് നല്‍കുമെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ 100 ശതമാനം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.