അനുഷ എൻ.എസ്
കൊലക്കേസില്‍ പ്രതിയായ ഗുണ്ടാ നേതാവ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലുപ്പെട്ടു. തമിഴ്നാട്ടിലാണ് ഉത്തരേന്ത്യന്‍ മോഡല്‍ ഏറ്റുമുട്ടല്‍ കൊല അരങ്ങേറിയത്.
തമിഴ്മാട്ടിലെ BSP നേതാവ് കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ തിരുവെങ്കിടമാണ് പൊലീസുമായുള്ള പോരാട്ടത്തിനിടയില്‍ കൊല്ലപ്പെട്ടത്. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ തിരുവെങ്കിടം പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ വെടിയേല്‍ക്കുന്നത്. ചെന്നൈയിലെ മാധവരാമിന് സമീപത്ത് വെച്ച് തിരുവെങ്കിടത്തിനുനേരെ മറ്റുവഴികളില്ലാതെ വന്നതോടെ വെടിയുതിര്‍ക്കേണ്ടി വന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ജൂലൈ അഞ്ചിനായിരുന്നു ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ആംസ്ട്രോങ് കൊല്ലപ്പെടുന്നത്. 11 അംഗ ഗുണ്ടാ സംഘത്തിന്റെ അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങ്ങിനെ ഗ്രീംസ് റോഡിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിരുന്നു.ആംസ്ട്രോങ്ങിൻ്റെ കൊലപാതകവും അതേ തുടർന്നുണ്ടായ പോലീസ് ആക്ഷനും ദേശീയതലത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ ആംസ്ട്രോംഗിന്റെ കൊലപാതകത്തില്‍ നടുക്കം രേഖപ്പെടുത്തി രംഗത്തെത്തിയതോടെ വിഷയം ദേശീയതലത്തില്‍ ശ്രദ്ധേയമായിമാറുകയായിരുന്നു. ഒരു രാഷ്ട്രീയ നേതവായതിനാല് തന്നെ ഒറ്റനോട്ടത്തില്‍ ഇതൊരു രാഷ്ട്രീയ കൊലപാതകം എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് ആംസ്ട്രോങ്ങിന്റെ കൊലപാതകം ഒരു ഗുണ്ടാ ആക്രമണമാണെന്ന് പോലീസ് കണ്ടെത്തുന്നത്.
തമിഴ്നാട്ടില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച ആംസ്ട്രോങ്ങ് കൊലപാതകത്തില്‍ എന്താണ് സംഭവിച്ചത്, ആരാണ് കെ.ആംസ്ട്രോങ്ങ്.?
സ്കൂള്‍ കാലം തൊട്ട് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ആംസ്ട്രോങ്ങ്. കഴിഞ്ഞ 17 വര്‍ഷമായി തമിഴ്നാട്ടില്‍ BSP യുടെ നേതൃനിരയിലുണ്ടായിരുന്ന ദളിത് നേതാവായിരുന്നു ആംസ്ട്രോങ്ങ്.
തിരുപ്പതി വെങ്കിടേശ്വര സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയതിന്ശേഷമാണ് സജീവരാഷ്ട്രീയപ്രവര്ത്തനത്തിനിറങ്ങുന്നത്.2006 ലാണ് ആംസ്ട്രോങ്ങ് ഡോക്ടര്‍ ബീം റാവു അസോസിയേഷന് രൂപീകരിക്കുന്നത്. അതേവര്‍ഷം ചെന്നെ കോര്‍പ്പറേഷനിലേക്ക് മത്സരിച്ച് ജയിച്ചു. നിയമപഠനത്തന് ശേഷം അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതിനൊപ്പം ദളിത് യുവാക്കള്‍ക്കായി സൗജന്യ നിയമപഠനകേന്ദ്രം ആരംഭിച്ചു. ഇത് യുവാക്കള്‍ക്കിടയില്‍ ആംസ്ട്രോങ്ങിന് വലിയ മതിപ്പുണ്ടാക്കി. ജനപ്രിയനായ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണ്?
2022 -2023 വര്‍ഷങ്ങളില്‍ ഏകദേശം 2438 കോടിയുടെ ഒരു സ്വര്‍ണ്ണ തട്ടിപ്പ് കേസ് ചെന്നെയില്‍ നടന്നിരുന്നു. ആരുദ്ര സ്വര്‍ണ്ണ തട്ടിപ്പ് കേസ് എന്നറിയപ്പെടുന്ന സംഭവത്തില്‍ ഇരകള്‍ക്ക് വേണ്ടി മുന്നില്‍നിന്ന് പോരാടിയത് ആംസ്ട്രോങ്ങും സംഘവുമായിരുന്നു. പോരാട്ടം എന്ന തലത്തിലേക്ക് ഒരു വിഷയം മാറുമ്പോള്‍ തീര്‍ച്ചയായും മറുവശത്ത് ഒരു എതിരാളി ഉണ്ടാകുമല്ലോ .നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആര്‍ക്കോട്ട് സുരേഷ് എന്ന ഗുണ്ടാനേതാവായിരുന്നു എതിരാളി. ഈ സംഭവത്തിന്ശേഷം ഇരുസംഘങ്ങള്‍ ചേരിതിരഞ്ഞുള്ള പോരാട്ടവും ഏറ്റുമുട്ടലുകളും പതിവായിരുന്നു വെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചെന്നൈ നിവാസികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഇത്.
കഴിഞ്ഞവര്‍ഷം ഒരു സംഘം ആര്‍ക്കോട്ട് സുരേഷിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. തീര്‍ത്തും സ്വാഭാവികമെന്നോണം ആര്‍ക്കോട്ട് സുരേഷിന്റെ കൊലയ്ക്ക് പിന്നില്‍ ആംസ്ട്രോങ്ങും സംഘവുമായിരിക്കാം എന്ന് എതിരാളികള്‍ പ്രചരിപ്പിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ആംസ്ട്രോങ്ങിന്റെ ഓരോ നീക്കവും നിരീക്ഷിച്ചുകൊണ്ട് അക്രമിസംഘം ആദ്ദേഹത്തിന്റെ കൂടെ നിഴല്‍ പോലെ ഉണ്ടായി. ആം സ്ട്രോങ്ങിനെ കൊലപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യവുമായി.തിരുമല എന്ന ഗുണ്ട ആംസ്ട്രോങ്ങിനെ പിന്തുടരുന്നു.
എപ്പോഴും എവിടെ പോകുമ്പോഴും ഒരു തോക്ക് ആംസ്ട്രോങ്ങ് കൂടെ കരുതുമായിരുന്നു ഇത് അക്രമികള്‍ക്കും വ്യക്തമായി അറിയാം തോക്ക് കൈവശം വയ്ക്കാതെ ആംസ്ട്രോങ്ങ് പുറത്തിറങ്ങുന്നതും നോക്കി അവര്‍ കൊലക്കത്തിയുമായി പതിയിരുന്നു.ഒരു പക്ഷേ ,അദ്ദേഹം തോക്ക് കൈയ്യില്‍ കരുതാതെയാണ് പുറത്തേക്കിറങ്ങുന്നതെന്ന് അക്രമികളെ അറിയിക്കുവാന്‍ ആംസ്ട്രോങ്ങിന്റെ കൂട്ടത്തില്‍ തന്നെ ആരെങ്കിലും ഉണ്ടായിരുന്നിരിക്കാം. അങ്ങനെ ആ ദിവസം എത്തി ജൂലൈ 5 രാത്രി 7.30 പെരുമ്പൂരില്‍ ഒരു കെട്ടിടത്തിന്റെ പണി നടക്കുന്ന സ്ഥലം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ആംസ്ട്രോങ്ങിനെ ഓണ്‍ലൈന്‍ ഡെലിവറി സംഘത്തിന്റെ വേഷത്തില്‍ എത്തിയ അക്രമികള്‍ തുടരെ തുടരെ വെട്ടുകയായിരുന്നു. പക തീരും വരെ വെട്ടിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
അങ്ങനെ 17 വര്‍ഷം നീണ്ട തന്റെ സജീവ രാഷ്ട്രീയ ജീവിതത്തിന് എന്നെന്നേയ്ക്കുമായി തിരശ്ശീല ഇട്ട്കൊണ്ട് 47 ാം വയസ്സില്‍ അദ്ദേഹം അതിദാരുണമായി കൊലചെയ്യപ്പെടുകായായിരുന്നു. .ആംസ്ട്രോങ്ങിനെ കൊല്ലപ്പെടുത്താന്‍ അക്രമികള്‍ തിരഞ്ഞെടുത്ത ദിവസത്തിന് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു ആര്‍ക്കോട്ട് സുരേഷിന്റെ ജന്മദിനമായിരുന്നു അന്ന് , കൂടാതെ ആര്‍ക്കോട്ട് സുരേഷിന്റെ സഹോദരനും ആംസ്ട്രോങ്ങിന്റെ കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്നാണ് പൊലീസ് വെളിപ്പടുത്തുന്നത്. ആംസ്ട്രോങ്ങിന്റെ കൊലപാതകി എന്നാരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുന്ന തിരുവെങ്കിടം യഥാര്‍ത്ഥ പ്രതിയല്ല എന്ന ആരോപണവും ഇതിനകം ഉയരുന്നിട്ടുണ്ട്. ഇത് തമിഴ് നാട് പൊലീസിനെതിരെയുള്ള ജനവികാരത്തിന് വഴിയൊരുക്കിയേക്കാം.
തമിഴ് നാട്ടില്‍ രാഷ്ട്രീയ നേതാക്കള്‍ കൊല്ലപ്പെടുന്നത് ഒരു തുടര്‍ക്കഥയായിരിക്കുകയാണ്. ADMK നേതാവ് എസ് ഷണ്മുഖത്തിന്റെ മരണം ഈ സംഭവത്തിന് തൊട്ട് മുന്‍പ് നടന്ന കൊലപാതകമാണ് . തിരുനെല്‍വേലി ജില്ലാ പ്രസിഡന്റായിരുന്ന ജയകുമാര്‍ ധനസിംഗിനെ അതിക്രൂരമായി കൊലചെയ്ത് പൊതു ഇടത്തിലിട്ട് കത്തിച്ചതും തമിഴ്നാട്ടിലെ ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു.
കുറ്റം ചെയ്യുന്നതാരായാലും അവര്‍ എല്ലാവരും ശിക്ഷിക്കപ്പെടണം കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എത്രയും വേഗം സാധിക്കട്ടെ