ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ശരീരഭാരം ഗണ്യമായി കുറഞ്ഞുവെന്നും രക്തത്തിലെ പഞ്ചസാരയുടെ തോത് അപകടകരമാംവിധം താഴ്ന്നുവെന്നുമുള്ള എ.എ.പിയുടെ ആരോപണങ്ങൾ തള്ളി തിഹാർ ജയിൽ അധികൃതർ. കെജ്രിവാൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്നും മറ്റ് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.
ജയിലിലെ അന്തേവാസികളുടെ ആരോഗ്യനില എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കും. അതിനായി പ്രത്യേക ഡോക്ടർമാരുടെ സംഘവുമുണ്ട്. കെജ്രിവാളിന് ഡോക്ടർമാർ നിർദേശിച്ച പ്രത്യേക ഭക്ഷണക്രമമാണ് നൽകുന്നത്. കൂടുതലും വീട്ടിൽ നിന്നുള്ള ഭക്ഷണമാണ് നൽകുന്നത്. പ്രമേഹ രോഗിയായ കെജ്രിവാളിന് പ്രത്യേക ഭക്ഷണക്രമം അനുവദിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
ശരീരഭാരം അൽപം കുറഞ്ഞു എന്നതൊഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. രോഗത്തിന് അനുസൃതമായ ചികിത്സയും ജയിലിൽ ലഭിക്കുന്നുണ്ട്. -അധികൃതർ വ്യക്തമാക്കി. കെജ്രിവാളിന്റെ ശരീരഭാരം പരിശോധിച്ചതിന്റെ പട്ടികയും ജയിൽ അധികൃതർ പുറത്തുവിട്ടു.മദ്യനയ അഴിമതിക്കേസിൽ ഇക്കഴിഞ്ഞ മാർച്ചിലാണ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന് 70 കിലോഗ്രാം ശരീരഭാരം ഉണ്ടായിരുന്നുവെന്നും ഇപ്പോഴത് 61.5 കിലോഗ്രാം ആയി കുറഞ്ഞുവെന്നുമാണ് എ.എ.പി രാജ്യസഭ എം.പി സഞ്ജയ് സിങ് ആരോപിച്ചത്.
മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് 50 എം.ജി/ഡി.എൽ ആയി കുറഞ്ഞുവെന്നും കെജ്രിവാളിനെ ഗുരുതര രോഗിയാക്കാൻ ബി.ജെ.പി സർക്കാർ ഗൂഢാലോചന നടത്തുകയാണെന്നും സഞ്ജയ് സിങ് ആരോപിച്ചിരുന്നു.