കാസര്‍കോട്: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ മകന്റെ ഭാര്യയെ ജീവപര്യന്തം തടവിനും പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പി.അംബികയെയാണ് (49) കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.മനോജ് ശിക്ഷിച്ചത്. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പരേതനായ നാരായണന് നായരുടെ ഭാര്യ പുക്ലത്ത് അമ്മാളുവമ്മയാണ് (68) കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ജീവപര്യന്തംതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെളിവ് നശിപ്പിച്ചതിന് അഞ്ചുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ യഥാക്രമം രണ്ടുവര്‍ഷം, ഒരുവര്‍ഷം വീതം അധികതടവും അനുഭവിക്കണം. കഴുത്ത് ഞെരിച്ചും തലയിണ ഉപയോഗിച്ച് മുഖത്തമര്‍ത്തിയും നൈലോണ്‍ കയര്‍ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയെന്നാണ് കേസ്.2014 സെപ്റ്റംബറിലാണ് സംഭവം. വീടിന്റെ ചായ്പില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മാളുവമ്മയെ കൊലപ്പെടുത്തിയശേഷം കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായി മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തുവെന്ന് കുറ്റപത്രം പറയുന്നു. രണ്ടും മൂന്നും പ്രതികളായ അമ്മാളുവമ്മയുടെ മകന് കമലാക്ഷന്‍ (57), ചെറുമകന് ശരത് (29) എന്നിവരെ കോടതി വെറുതേ വിട്ടിരുന്നു.
അമ്മാളുവമ്മയുടെ പേരിലുള്ള സ്ഥലംവിറ്റ് പ്രതികളുടെ പേരില്‍ വാങ്ങിയ സ്ഥലം തിരിച്ചെഴുതിത്തരണമെന്നാവശ്യപ്പെട്ടതിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബേഡകം പോലീസെടുത്ത കേസില്‍ പ്രാഥമികാന്വേഷണം നടത്തിയത് ബേഡകം എസ്.ഐ. ആയിരുന്ന കെ.ആനന്ദനും തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ആദൂര്‍ ഇന്‍സ്പെക്ടറായിരുന്ന എ.സതീഷ്കുമാറുമാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ഇ.ലോഹിതാക്ഷന്, ആതിര ബാലന് എന്നിവര്‍ ഹാജരായി.