അനുഷ എൻ .എസ്
ആസിഫ് അലി - രമേഷ് നാരായൺ വിഷയം വളരെ ചൂട്പിചിച്ച ചർച്ചയ്ക്കും വിവാദങ്ങൾക്കുമാണ് വഴിവെച്ചിരിക്കുന്നത് . അത്രയും വലിയൊരു പൊതുപരിപാടിയിൽ അപമാനിക്കപ്പെട്ടിട്ടും അപമാനഭാരം കുറച്ചുപോലും പ്രകടിപ്പിക്കാതെ സൗമ്യമായൊരു പുഞ്ചിരിയോടെ ആ വേദിയിൽ തുടർന്ന ആസിഫ് അലി എന്ന മനുഷ്യൻ്റെ മുഖം മലയാളികളുടെ മനസ്സിനെ മുറിവേൽപ്പിച്ചത് കുറച്ചൊന്നുമല്ല. ശരിയാണ്, സോഷ്യൽമീഡിയയിൽ ചർച്ചചെയ്യുന്നത്പോലെ രമേഷ് നാരായൺ എന്ന സംഗീത സംവിധായകൻ ചെയ്തത് വലിയ തെറ്റുതന്നെയാണ് ഒരു കലാകാരനെ ,കലാകാരൻ എന്ന ക്രെെറ്റീരിയ പോലും വെയ്ക്കാതെ ഒരു മനുഷ്യൻ എന്ന് മാത്രം ചിന്തിച്ചാൽ മതി രമേശ് നാരായൺ ആസിഫിനോട് ചെയ്തത് തെറ്റ് തന്നെയാണ്.
എന്നാൽ രമേഷ് നാരായൺ എന്ന മ്യൂസിക് ഡയറക്ടറെ എല്ലാവർക്കും നന്നായി അറിയാം ശാസ്ത്രീയ ഹിന്ദുസ്ഥാനീ സംഗീതത്തിൽ അഗ്രകണ്യൻ,
കേരള സംഗീത നാടക അക്കാദമി പുരസ്കാരം,മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ എല്ലാം കരസ്ഥമാക്കി തൻ്റേതായൊരിടം ചലച്ചിത്രമേഖലയിൽ കണ്ടെത്തിയ വ്യക്തിയാണ് രമേഷ് നാരായൺ .കഴിഞ്ഞ ദിവസം ആസിഫ് ഈ വിഷയത്തിൽ പ്രതികരിച്ചതുപോലെ അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു പ്രവൃത്തി ഉണ്ടാകുമെന്ന് നമുക്ക് വിശ്വസിക്കാൻ പ്രയാസമാണ്.
അപ്പോൾ ഇത് കേൾക്കുന്ന ഞങ്ങളുടെ പ്രേക്ഷകർക്ക് ചോദിക്കാം ആസിഫലിയോട് രമേഷ് നാരായണിന് പ്രൊഫഷണൽ ഈഗോ ആയിക്കൂടെയെന്ന്.ശരിയാണ് അതിൽ തെറ്റൊന്നും പറയാനില്ല. അതൊക്കെ എല്ലാവരുടെടെയും വളരെ വ്യക്തിപരമായ കാര്യം. ഈഗോ തന്നെയാണ് കാര്യം എന്നുറപ്പിച്ച് പറയാൻ നമുക്ക് പറ്റില്ല. വെറും ഈഗോ എന്ന വാക്കിൽ ഒതുക്കികളയാൻ പറ്റുന്നൊരു കാര്യമല്ല അവിടെ നടന്നതെന്ന് ആന്നത്തെ ആ പരിപാടിയുടെ അവതാരികയായ ജൂവൽ മേരി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ് ജൂവൽ മേരി പറഞ്ഞതിങ്ങനെയാണ്.
ജയരാജ് സർ സംവിധാനം ചെയ്ത സിനിമയ്ക്കാണ് രമേശ് നാരായണൻ സർ സംഗീതം നൽകിയിരിക്കുന്നത്. ഈ ഒൻപത് സിനിമകളിലെയും ആളുകളുടെ ലിസ്റ്റ് നമ്മുടെ കയ്യിലുണ്ട്. അതിലുള്ള എല്ലാ ആളുകളുടെയും പേരൊന്നും കാണാതെ പഠിക്കാൻ പറ്റില്ല. ലിസ്റ്റ് നോക്കി പേരു വായിക്കുകയാണ് ചെയ്യുക. ആ ലിസ്റ്റിൽ രമേശ് നാരായണൻ സാറിന്റെ പേരില്ലായിരുന്നു. എനിക്ക് ലിസ്റ്റ് തന്ന സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അത്.സംഗതി അവതാരകയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. മനോരഥങ്ങൾ എന്ന ചിത്രത്തിൻ്റ ട്രെയ്ലർ ലോഞ്ചിനിടെയാണല്ലോ ഈ കോലാഹലങ്ങൾ ഉണ്ടായത് .ആ ചിത്രത്തിൻ്റ ഭാഗമായ എല്ലാവരെയും വേദിയിലേക്ക് ക്ഷണിച്ച അവതാരക ചിത്രത്തിൻ്റ സംഗീത സംവിധായകനായ രമേഷ് നാരായണനെ മാത്രം വേദിയിലേക്ക് ക്ഷണിച്ചില്ല .
അതിന് ജൂവൽമേരി പറഞ്ഞത് അദ്ദേഹത്തിന് കാല് വയ്യാരുന്നു എന്നതാണ്.പിന്നീട് പറയുന്നു രമേഷ് നാരായണൻ്റെ പേര് അവതാരകയുടെ കയ്യിലുണ്ടായിരുന്ന ലിസ്റ്റിൽ ഇല്ലായിരുന്നെന്ന് പക്ഷേ അദ്ദേഹവും ഈ ചിത്രത്തിൻ്റെ ഭാഗമാണ് എന്ന് മനസിലാക്കിയത് കൊണ്ടാണ് അദ്ദേഹത്തിൻ്റെ പേര് വിളിച്ചതെന്ന്. എന്നിട്ട് ജുവൽ വിളിച്ച പേരോ അതും തെറ്റിച്ചാണ് വിളിച്ചത് . ക്ഷണിച്ചുവരുത്തിയ അതിഥിയെ കാഴ്ചക്കാരാനാക്കി ഇരുത്തിക്കൊണ്ടാണ് ഈ ആഭാസത്തരം മുഴുവൻ അവതാരകയും സംഘാടനം മര്യാദയ്ക്ക് ചെയ്യാതിരുന്ന സംഘാടകരും കൂടി ചെയ്ത് കൂട്ടിയത്. സ്വന്തം കുടുംബം വരെ ഉണ്ടായിരുന്ന വേദിയിലാണ് രമേഷ് നാരായൺ ഒന്നുമല്ലാതെ ഇരിക്കേണ്ടി വന്നത് . അപ്പോൾ സത്യത്തിൽ അപമാനിക്കപ്പെട്ടത് ആരാണ്? പേര് തെറ്റിച്ച് വിളിച്ചതിലും ,വേദിയിലേക്ക് ക്ഷണിക്കാതിരുന്നതിലും അസ്വസ്ഥനായിരുന്ന രമേഷ് നാരായണിനാണ് അടുത്തിരുന്ന ആസിഫിനെക്കൊണ്ട് ഉപഹാരം നൽകിപ്പിച്ചത് അതും ഇരിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ . എല്ലാംകൂടി ആയപ്പോഴായിരിക്കാം എനിക്ക് ഉപഹാരം തരാൻ മാത്രം ഇവൻ ആയോ എന്ന ഈഗോ കൂടി ആയപ്പോൾ എല്ലാം പൂർത്തിയായി.ഇവിടെ ആരെയാണ് നമുക്ക് തെറ്റ് പറയുവാൻ സാധിക്കുക? ഒന്നും അറിയാതെ വേദിയിലേക്ക് വന്ന ആസിഫിനെയോ, തന്നെ വേണ്ട രീതിയിൽ പരിഗണിക്കാതിരുന്ന അമർഷം ഒട്ടും വിവേകമില്ലാതെ പുറത്ത് കാണിച്ച രമേഷ് നാരായണനെയോ?