ബെംഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തെരച്ചിലിനായി കരസേന ഷിരൂരിലെത്തി. ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്.
സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ. ഷിരൂരിൽ ഇപ്പോൾ മഴ പെയ്യുന്നുണ്ട്. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.
രക്ഷാപ്രവർത്തനം വൈകുന്നതിനെതിരെ പ്രതിഷേധവുമായി അർജുന്റെ നാട്ടുകാർ രംഗത്തെത്തിയിരുന്നു.
ആറു ദിവസമായിട്ടും അർജുനെ കണ്ടെത്താനാകാത്തത് ഗുരുതര വീഴ്ച എന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. കണ്ണാടിക്കലിൽ പ്രതിഷേധ പ്രകടനവും നടന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലും സമചിത്തത കൈവിടാതെ ഇന്നലെ വൈകിട്ട് വരെ മാധ്യമങ്ങളോട് പ്രതികരിച്ച അർജുൻ്റെ കുടുംബം രാത്രിയോടെ ആകെ തളർന്നതോടയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയത്.
ഇന്നലെ രാത്രി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് നാട്ടുകാർ ഇന്ന് കണ്ണാടിക്കലിൽ പ്രതിഷേധ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി. ചെറുപ്പം മുതൽ അർജുനുമായി ഏറെ ബന്ധമുള്ള അയൽക്കാർക്കും മണിക്കൂറുകൾ എണ്ണിയുള്ള ഈ കാത്തിരിപ്പ് സമ്മാനിക്കുന്നത് വലിയ വേദനയാണ്.