സർക്കാർമേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ ബംഗ്ലാദേശില്‍ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്. സർക്കാർസർവീസിലെ ക്വാട്ടസമ്പ്രദായം ബംഗ്ലാദേശ് സുപ്രീംകോടതി പിന്‍വലിച്ചു.
ഇതോടെ, 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്കുള്ള 30 ശതമാനം സംവരണമുണ്ടായിരുന്നത് സുപ്രീംകോടതി അഞ്ചായി കുറച്ചു. 17 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് 3.2 കോടി യുവാക്കളാണ് തൊഴിൽരഹിതർ.
നേരത്തെ, 2018-ൽ താത്ക്കാലികമായി നിർത്തിവെച്ച സമ്പ്രദായം പുനരവതരിപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്തെ വിദ്യാർഥികൾ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ (ബി.എൻ.പി.) പിന്തുണയും സമരത്തിനുണ്ടായിരുന്നു. അതിനിടെ, പ്രക്ഷോഭം തടയുന്നതിന് രൂക്ഷനടപികളുമായി ബംഗ്ലാദേശ് സർക്കാർ രംഗത്തെത്തി. നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടിവെക്കാനായിരുന്നു നിർദേശം
രാജ്യത്തെ സ്കൂളുകളും സർവകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വ്യാഴാഴ്ച ഇന്റർനെറ്റ്-മൊബൈൽ സേവനങ്ങൾ വിച്ഛേദിച്ചതോടെ ബംഗ്ലാദേശ് ജനതയുടെ പുറംലോകവുമായുള്ള ബന്ധവും നഷ്ടപ്പെട്ടു. പ്രാദേശികമാധ്യമങ്ങളുടെ വെബ്സൈറ്റുകളും സാമൂഹികമാധ്യമ സൈറ്റുകളും പ്രവർത്തനരഹിതമായി. കലാപബാധിതമേഖലകളിൽനിന്ന് ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്കുമടങ്ങി.