കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിക്കോടി സ്വദേശിയായ 14കാരൻ ഇന്ന് ആശുപത്രി വിടും. പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പ്ൾ പരിശോധന ഫലം നെഗറ്റിവ് ആവുകയും കുട്ടിയുടെ ആരോഗ്യം പൂർവസ്ഥിതിയിലാവുകയും ചെയ്തതോടെയാണ് ഡിസ്ചാർജ് ചെയ്യുന്നത്.
ഈ മാസം ഒന്നിനാണ് പനി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളോടെ കുട്ടിയെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രൈമറി അമീബിക് മെനഞ്ചോ എൻസഫലൈറ്റിസ് സ്ഥിരീകരിക്കുകയായിരുന്നു. ജൂൺ 30നാണ് പനി തുടങ്ങിയത്.
ജൂലൈ ഒന്നിന് പുലർച്ച കോഴിക്കോട് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റിവ് ആയ ഉടൻ ചികിത്സ ആരംഭിച്ചു. നേരത്തേ രോഗം കണ്ടെത്താനും ചികിത്സ ആരംഭിക്കാനും കഴിഞ്ഞത് കുട്ടിയുടെ ആരോഗ്യ നില വീണ്ടെടുക്കുന്നതിൽ നിർണായകമായതായി ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി ഡോ. അബ്ദുൽ റഊഫ് അറിയിച്ചു.
പോസിറ്റിവ് ആയ കേസുകളിൽ ആരോഗ്യനില വീണ്ടെടുക്കുന്നത് രാജ്യത്ത് ഇതാദ്യമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. അതേസമയം, രോഗം സ്ഥിരീകരിച്ച കണ്ണൂർ പയ്യന്നൂർ സ്വദേശിയായ കുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയാണ്.