പാലക്കാട്: സംസ്ഥാനത്ത് എച്ച്1എൻ1 പനി പിടിമുറുക്കുന്നു. ജൂലൈ ഒന്നു മുതൽ 21വരെ 796 പേരാണ് എച്ച്1എൻ1 ബാധിതരായി ചികിത്സ തേടിയത്. 11 പേർ മരിച്ചു. കൂടുതൽ രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്-371 പേർ.
തൃശൂരിൽ 245 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് രോഗബാധിതരുള്ളത്. പാലക്കാട് ജില്ലയിൽ ആറുപേർ ചികിത്സ തേടി. പാലക്കാട്, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, ഇടുക്കി, കൊല്ലം ജില്ലകളിലായാണ് 11 രോഗികൾ മരിച്ചത്.
ജൂലൈ 20നാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. തൃശൂരിൽ 42 ഉം തിരുവനന്തപുരത്ത് 30ഉം ഉൾപ്പെടെ 83 പേർക്കാണ് അന്ന് പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 1343 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.
21 മരണങ്ങളും ഇക്കാലയളവിൽ സംഭവിച്ചു. ഡെങ്കിപ്പനി, എലിപ്പനി, കോളറ, എച്ച്1എൻ1, മഞ്ഞപ്പിത്തം, മലമ്പനി, വൈറൽ പനി, വയറിളക്ക രോഗങ്ങൾ തുടങ്ങിയവ പടരുന്ന സാഹചര്യത്തിലാണ് നിപ കൂടി സ്ഥിരീകരിച്ചത്. ഏത് തരത്തിലുള്ള പനിയാണെങ്കിലും സ്വയം ചികിത്സക്ക് മുതിരാതെ യഥാസമയം വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.