തിരുവനന്തപുരം:സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഭാഗികമായി പുറത്തുവിടും.വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്കിയ റിപ്പോര്‍ട്ടര്‍ ഉള്‍പ്പടെ ഏഴ് മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുക.സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഇടപെടലിനെ തുടര്‍ന്നാണ് സാംസ്കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.സിനിമാ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് 2019 ഡിസംബര്‍ 31 ന് സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്.
നാലര വര്‍ഷം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വരുന്നത്.300 പേജുള്ള ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലെ 233 പേജുകള്‍ മാത്രമാണ് ഇന്ന് വൈകിട്ട് പുറത്തുവരിക.വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉള്‍പ്പടെ സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.സ്വകാര്യത ചൂണ്ടിക്കാട്ടിയായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടാന്‍ തയ്യാറാകാതിരുന്നത്.