തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ രാത്രിയും പകലും സ്ക്വാഡുകൾ ശക്തമാക്കി. വെള്ളിയാഴ്ച രാത്രി നഗരസഭ നൈറ്റ് സ്ക്വാഡ് നടത്തിയ പരിശോധയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും അപാകതകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആകെ 22,080 പിഴ ചുമത്തുകയും ചെയ്തതായി കോർപറേഷൻ അറിയിച്ചു.
ശനിയാഴ്ച പകൽ നടന്ന പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിക്കുകയും ശരിയായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യാത്തതുമായ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ആകെ 20,030 രൂപയാണ് ഇന്ന് പിഴ ചുമത്തിയത്. കേശവദാസപുരത്ത് പ്രവർത്തിക്കുന്ന കെഎഫ്സിയുടെ ഓൺലൈൻ ബുക്കിങ് കൗണ്ടറിലും കിച്ചണിലും ശരിയായ രീതിയിൽ സംസ്കരിക്കാത്ത മാലിന്യം ശേഖരിച്ച് വെച്ചിരിക്കുന്നതായും അതിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായും മേയറുടെ മൊബൈൽ നമ്പറിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെയും ഡേ സ്ക്വാഡ് പരിശോധന നടത്തി.
പരിശോധനയിൽ പരാതിയിലെ ആക്ഷേപങ്ങൾ ശരിയാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. തുടർന്ന് 10,010 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി.ഇത്തരത്തിലുള്ള പരാതികൾ മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറായ 9447377477ൽ യഥാസമയം അറിയിക്കാമെന്ന് കോർപറേഷൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
നഗര മേഖലയിൽ മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും പൊതുനിരത്തുകളിലും തോടുകളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നാണ് കോർപറേഷന്റെ മുന്നറിയിപ്പ്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകി.