വയനാട്ടിലുണ്ടായ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കുമൊപ്പമാണ് തന്റെ ചിന്തയെന്ന് അദ്ദേഹത്തിന്റെ സമൂഹമാധ്യമ കുറിപ്പ്. പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നു. ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുകയും നിലവിലുള്ള സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് ഉരുൾപൊട്ടലില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അതീവ ദുഃഖം രേഖപ്പെടുത്തി .യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിന് NDRF രണ്ടാം സംഘം കേരളത്തിലേക്ക് പോകുമന്നും അദ്ദേഹം അറിയിച്ചു.
വയനാട് രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഒഎസ് ഡി ഡോ. എസ് കാർത്തികേയൻ ഐ എ എസിനെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുക.
ഇതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഓഫീസറായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ വി.സാംബശിവ റാവുവിനെ നിയോഗിച്ചു. അദ്ദേഹം വയനാട്ടിൽ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും.