രാജേഷ് തില്ലങ്കേരി
എന്തുകൊണ്ടാണ് ഉരുള്‍പൊട്ടല്‍ ആവര്‍ത്തിക്കുന്നത്.ഇന്നലെ രാത്രിയിലും ഇന്നു പുലര്‍ച്ചെയുമായി വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മലയിലും അട്ടമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലുകളില്‍ 114 ജീവനുകളാണ് നഷ്ടമായത്.നിരവധി പേര് വീട് തകര്‍ന്നും മറ്റും കാണാതായിട്ടുണ്ടെന്നാണ് ദുരന്തഭൂമിയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ്.ഇത്രയേറെ മനുഷ്യജീവനുകള്‍ നഷ്ടമായ മറ്റൊരു ദുരന്തവും കേരള ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല.
ഉരുള്‍പൊട്ടലില്‍ മൂന്നു ഗ്രാമങ്ങളാണ് പൂര്‍ണ്ണമായും തകര്‍ന്നത്.150 ലധികം പേരെ പരിക്കുകളോടെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കയാണ്.ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് ജീവന് നഷ്ടപ്പെട്ടവരുടെ ശവശരീരങ്ങള്‍ കിലോമീറ്ററുകള്‍ അകലെയുള്ള ചാലിയാറിലൂടെ ഒഴുകി പോത്തുകല്ലിലും മറ്റും എത്തിയത് ഈ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.
ഉരുള്‍പൊട്ടലിന്റെ ദുരന്തവാര്‍ത്തകള്‍ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കയാണ്.പാലവും റോഡും തകരുകയും ഇടമുറിയാത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരിക്കയാണ്.തിരുവനന്തപുരത്ത് നിന്നുള്ള മിലിറ്ററി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.വ്യോമ,കരസേന,വായുസേനാവിഭാഗത്തെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.ചൂരല്‍മല ദുരന്തവാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ നമ്മുടെ ഓര്‍മ്മയിലേക്ക് ഓടിയെത്തുന്നത് പെട്ടിമുടിയിലും പുത്തുമലയിലും കവളപ്പാറയിലും മറ്റുമുണ്ടായ ഉരുള്‍ പൊട്ടല്‍ ദുരന്തങ്ങളാണ്.2019 ഓഗസ്റ്റ് 8 ന് വയനാട് പുത്തുമലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ 17 പേരാണ് മരണമടഞ്ഞിരുന്നത്.പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ മരണ സഖ്യ കുറവായിരുന്നുവെങ്കിലും അതിന്റെ ആഘാതം സമാനമായിരുന്നു.12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും അഞ്ചുപേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്. കവളപ്പാറയിലേയും പുത്തുമലയിലേയും ഉരുള്‍പൊട്ടലിന്റെ ഓര്‍മ്മകളില്‍ നിന്നും ഇന്നും ആ പ്രദേശം മുക്തരായിട്ടില്ല.മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കവളപ്പാറയില്‍ 2019 ആഗസ്റ്റ് മാസം 9 നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചത് 60 പേരായിരുന്നു.മണ്ണിനടിയില്‍ കുരുങ്ങിയ 11 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഇടുക്കി രാജമലയിലെ പെട്ടിമുടിയില്‍ 2020 ഓഗസ്റ്റ് ആറിനുണ്ടായ ഉരുള്‍ കണ്ണന്‍ദേവന്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങള്‍ തകര്‍ന്നാണ് 70 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്.66 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.നാലുപേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്.
ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിയില്‍ നിന്നും വന്‍ ശബ്ദത്തോടെ പൊട്ടിയൊഴുകിയെത്തിയ ഉരുള്‍ രണ്ട് കിലോമീറ്റര്‍ താഴെയുള്ള തൊഴിലാളികളുടെ ലയങ്ങളെ തകര്‍ത്തെറിയുകയായിരുന്നു. രാത്രിയായിരുന്നതിനാലും വൈദ്യുതി തടസ്സപ്പെട്ടിരുന്നതിനാലും പെട്ടിമുടി ദുരന്തം പുറം ലോകം അറിയാന്‍ വൈകി.പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ പാലം ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്ക്കരമായിരുന്നു. മൂന്നാറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് പെട്ടിമുടി.പെട്ടിമുടി ഉരുള്‍ പൊട്ടലില്‍ കാണാതായവരുടെ മൃതദേഹം കണ്ടെത്തുന്നതിന് ദിവസങ്ങളെടുത്തു.
എന്തുകൊണ്ടാണ് കേരളത്തില്‍ ഉരുള്‍പൊട്ടലുകള്‍ ആവര്‍ത്തിക്കുന്നത് ?
ശിലാപാളികളുടെ ശക്തിക്ഷയവും രൂപാന്തരങ്ങളും മണ്‍പാളികളിലെ രാസ-ഭൗതിക മാറ്റങ്ങളും സസ്യലതാദികളുടെ പരിക്രമണങ്ങളും ശക്തമായ വര്‍ഷപാതവും ദ്രവീകരണവും ഉരുള്‍പൊട്ടലുണ്ടാകാനുള്ള കാരണങ്ങളാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.ഭൂമികുലുക്കം, മേഘസ്ഫോടനം,വരള്‍ച്ചയെത്തുടര്‍ന്നുണ്ടായേക്കാവുന്ന പേമാരി, മനുഷ്യഇടപെടല്‍ തുടങ്ങിയവും ഉരുള്‍പൊട്ടലിനുള്ള സ്വാഭാവിക കാരണങ്ങളാണ്.കേരളത്തിലെ ഉയര്‍ന്ന പ്രദേശമായ വയനാട്, ഇടുക്കി ജില്ലകളില്‍ മഴക്കാലത്ത് പല പ്രദേശങ്ങളിലും ഉരുള്‍പൊട്ടലിനുള്ള സാധ്യത ഏറെയാണ്.
ഭൂമിയുടെ കിടപ്പ്, ചരിവ്, പാറകളുടെ സ്വഭാവം, മണ്ണിന്റെ ഘടന, മരങ്ങളുടെ പ്രത്യേകത തുടങ്ങിയവ കണക്കിലെടുക്കാതെ മലഞ്ചരുവുകളില്‍ കൃഷി, മണ്ണ്/പാറ ഖനനം, റോഡ് കെട്ടിട നിര്‍മ്മാണം എന്നിവ ചരിഞ്ഞ പ്രതലങ്ങളുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും വന്‍തോതിലുള്ള മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും കാരണമാവുകയും ചെയ്യുന്നു. സ്വാഭാവിക മരങ്ങള്‍ മുറിച്ചുമാറ്റുക, ഇടവിള (നാണ്യവിള) തോട്ടങ്ങള്‍ ഉണ്ടാക്കുക, മണ്ണൊലിപ്പിന് കാരണമാകുന്ന കൃഷികള്‍ ചെയ്യുക, ഫാമുകള്‍ നിര്‍മ്മിക്കുക, കെട്ടിടം പണിയുക, അമിതഭാരം ഏല്‍പ്പിക്കുക, സ്പോടനങ്ങള്, ഭാരമേറിയ വാഹനങ്ങളുടെ സഞ്ചാരം തുടങ്ങിയവയെല്ലാം ഉരുള്‍പൊട്ടലിന് കാരണമാകുന്ന ഘടകങ്ങളാണ്.
മലമുകളില്‍ കനത്ത മഴ പെയ്യുമ്പോള്‍ വന്‍തോതില്‍ വെള്ളം ഭൂമിയിലേക്ക് ഇറങ്ങുകയും ആ വെള്ളക്കെട്ട് താങ്ങാന്‍ മലയടിവാരത്തെ മണ്ണിന് ഉറപ്പില്ലാതെ വരുമ്പോഴാണ് സാധരണ ഉരുള്‍ പൊട്ടല്‍ ഉണ്ടാകുന്നത്. മലഞ്ചെരുവിലെ ഭൂമിയ്ക്കടിയിലെ ജലത്തിന്റെ അളവ് കൂടുന്നതിനനുസരിച്ചു ഉപരിതലത്തിലേക്ക് സമ്മര്‍ദം വര്‍ദ്ധിക്കുകയും ഒരു പരിധി കഴിയുമ്പോള്‍ ജലം ശക്തിയായി പുറത്തേക്ക് ഒഴുകുകയും ചെയ്യും. ഇതോടൊപ്പം പാറകളും വന്‍ വൃക്ഷങ്ങളും മറ്റും ഈ കുതിര്‍ന്ന മണ്ണിനോടൊപ്പം വലിയ തോതില്‍ താഴേക്ക് പതിക്കുന്നു. 72 ഡിഗ്രിയില്‍ അധികം ചെരിവുള്ള പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടല്‍ സാധ്യത കൂടുതലാണ്.
ദേശീയ ഭൗമശാസ്ത്ര ഗവേഷണകേന്ദ്രത്തിന്റെ 2010 ലെ പഠനപ്രകാരം കേരളത്തിന്റെ 14.4 % മേഖലകളാണ് ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതെന്നു വിലയിരുത്തിയത്. 5607 ചതുരശ്ര കിലോമീറ്ററാണ് അപകടകരമായ മേഖല. ഇതില്‍ വയനാട് ,നെടുമങ്ങാട് (തിരുവനന്തപുരം), മീനച്ചില്‍, കാഞ്ഞിരപ്പള്ളി (കോട്ടയം), തൊടുപുഴ, ഉടുമ്പന്‍ചോല (ഇടുക്കി), ചിറ്റൂര്‍, മണ്ണാര്‍ക്കാട് (പാലക്കാട്), നിലമ്പൂര്‍, ഏറനാട് (മലപ്പുറം), തളിപ്പറമ്പ് (കണ്ണൂര്‍) താലൂക്കുകളിലാണു കൂടുതല്‍ സാധ്യത. പുറമേ 25 താലൂക്കുകളും സാധ്യതാപ്പട്ടികയിലുണ്ട്.