ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ മുണ്ടക്കൈ,ചൂരല്‍മല മേഖകളില്‍ സേവനം ചെയ്യാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കി.ഞായറാഴ്ച രാവിലെ 6.30 മുതല്‍ ചൂരല്‍മല കണ്ട്രോള് റൂമിന് സമീപം റവന്യു വകുപ്പിന്റെ രജിസ്ട്രേഷന് കൗണ്ടര്‍ പ്രവര്‍ത്തിക്കും.ഇവിടെയുള്ള കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമാണ് ദുരന്ത മേഖലയിലേക്ക് കടത്തിവിടുക.സംഘങ്ങളായി വരുന്ന സന്നദ്ധ സേവകര്‍ ടീം ലീഡറുടെ പേര് വിലാസം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.
ദുരന്തബാധിത മേഖലയില്‍ നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൃത്യമായി കണ്ട്രോള് റൂമിലെത്തിക്കണമെന്നും അധികൃതര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്ട്രോള് റൂമിലോ മറ്റു കണ്ട്രോള് റൂമിലോ ഏല്പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചു.
ചൂരല്‍മല , മുണ്ടക്കൈ പ്രദേശത്ത് പോലീസിന്റെ രാത്രികാല പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയില്‍ അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരിലോ അല്ലാതയോ പോലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളില്‍ ആരും പ്രവേശിക്കാന്‍ പാടില്ല.