കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ അനിശ്ചിതാവസ്ഥയിലെന്ന് അർജുന്റെ സഹോദരി അഞ്ജു. ഈശ്വർ മാൽപെ തിരച്ചിലിന് ഇറങ്ങാൻ തയ്യാറായെങ്കിലും അധികൃതർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്ന് അവര്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അർജുന്റെ വീട് സന്ദർശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഞ്ജു.സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. അദ്ദേഹത്തിന് നിവേദനം നൽകിയിട്ടുണ്ട്. ‘ഒരുപാട് പേര് ഇപ്പോൾ കേരളത്തില്‍ ദുഃഖം അനുഭവിക്കുന്നുണ്ട്. അവരെയൊക്കെ കാണുന്ന പോലെ മുഖ്യമന്ത്രി ഞങ്ങളുടെ അടുത്തുവന്ന് ആശ്വസിപ്പിച്ചു. അങ്കോലയിൽ ഇപ്പോൾ തിരച്ചിൽ നടക്കുന്നില്ല.
ഈശ്വര്‍ മാല്‍പെ സ്വന്തം റിസ്കില്‍ ഇറങ്ങാന്‍ വേണ്ടി വന്നതായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പേരില്‍ എഫ്.ഐ.ആര് ഇടുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ തിരികെ പോയെന്നാണ് ഭര്‍ത്താവ് ജിതിൻ അവിടെനിന്ന് വിളിച്ചപ്പോള്‍ പറഞ്ഞത്’, അഞ്ജു പറഞ്ഞു. തിരച്ചില്‍ അവസാനിപ്പിച്ച ദിവസത്തേ അതേ ഒഴുക്കാണ് ഗംഗാവലി പുഴയില്‍ ഇപ്പോഴുമുള്ളത് എന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിശദീകരണം.ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയാണ് കോഴിക്കോട് കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടില്‍ മുഖ്യമന്ത്രി എത്തിയത്. പതിനഞ്ച് മിനിട്ടോളം വീട്ടില്‍ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.