പട്ന: ബിഹാറില്‍ തീവണ്ടിക്ക് നേരേയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരിക്ക്. ഭാഗല്‍പുര്‍-ജയനഗര്‍ എക്സ്പ്രസിന് നേരേയാണ് കല്ലേറുണ്ടായത്. ഭാഗല്പുരിനും കാകര്ഘട്ടിക്കും ഇടയിലായിരുന്നു സംഭവം.ട്രാക്കിന് സമീപത്തുനിന്ന് അക്രമി കല്ലെറിയുന്നതിന്റെയും പരിക്കേറ്റ യാത്രക്കാരന്റെയും ദൃശ്യങ്ങള്‍ തീവണ്ടിയിലെ യാത്രക്കാരിലൊരാള്‍ സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ചിരുന്നു. പരിക്കേറ്റ് മൂക്കില്‍നിന്ന് ചോരയൊലിക്കുന്നനിലയില്‍ ഇരിക്കുന്ന യാത്രക്കാരന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു പോസ്റ്റ്.
പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇത്തരം അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റെയില്‍വേ മന്ത്രാലയം ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും എക്സിലെ പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമിയെ ഉടന്‍ പിടികൂടണമെന്ന് പോസ്റ്റ് പങ്കുവെച്ച് നിരവധിപേരും ആവശ്യമുന്നയിച്ചിട്ടുണ്ട്.
അതേസമയം, പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റെയില്‍വേ മന്ത്രാലയം ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.