ഒളിംപിക്സ് പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യക്ക് തോല്‍വി.ആദ്യാവസാനം ആവേശകരമായി സെമി ഫൈനല്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി.ആദ്യ ക്വാര്‍ട്ടറില്‍ ലീഡെടുത്ത ഇന്ത്യക്കെതിരെ രണ്ടാം ക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച ജർമനി ലീഡെടുത്തെങ്കിലും മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി ഒപ്പമെത്തി.എന്നാല്‍ കളി തീരാന്‍ ആറ് മിനിറ്റ് ശേഷിക്കെ ലീഡെടുത്ത ജര്‍മനിക്കെതിരെ ഇന്ത്യ അവസാന നിമിഷം വരെ പൊരുതിയെങ്കിലും സമനില ഗോള്‍ കണ്ടെത്താനായില്ല.
അവസാന മൂന്ന് മിനിറ്റില്‍ ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷിന് പുറത്തുപോവേണ്ടിവന്നതും ഇന്ത്യയുടെ ആക്രമണങ്ങളെ ബാധിച്ചു. ശ്രീജേഷില്ലാത്ത പോസ്റ്റില്‍ പെനല്‍റ്റി കോര്‍ണര്‍ പ്രതിരോധിച്ച ഇന്ത്യൻ താരങ്ങള്‍ അവസാന നിമിഷം രണ്ട് പ്രത്യാക്രമണങ്ങളിലൂടെ സമനില ഗോളിന് തൊട്ടടുത്ത് അടുത്തെത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല. അവസാന സെക്കന്‍ഡില്‍ ജര്‍മന്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ ഷംഷേറിന് ലഭിച്ച സുവര്‍ണാവസരം നഷ്ടമായതോടെ ഇന്ത്യ ജര്‍മന്‍ കരുത്തിന് മുന്നില്‍ തലകുനിച്ചു.സെമിയില്‍ തോറ്റ ഇന്ത്യ വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെ നേരിടും. കഴിഞ്ഞ ഒളിംപിക്സില്‍ ജര്‍മനിയെ തോല്‍പ്പിച്ച് വെങ്കല മെഡല്‍ നേടിയ ഇന്ത്യയോടുള്ള മധുപ്രതികാരം കൂടിയായി ജര്‍മനിക്ക് ഈ വിജയം.