തിരുവനന്തപുരം/മുണ്ടക്കൈ : വയനാട്ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ 152 പേരെ ക്കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തമുണ്ടായി എട്ടാം ദിവസമായ ഇന്നലത്തെ തിരച്ചിലിൽ മൃതദേഹങ്ങളൊന്നും ലഭിച്ചില്ല. എന്നാൽ, 7 ശരീരഭാഗങ്ങൾ ലഭിച്ചു. ചാരണം വ്യാജം: കാർവാർ എസ്പി
ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 224 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും പുത്തുമലയിലെ ശ്മശാനത്തിൽ സർവമത പ്രാർഥനയോടെ സംസ്കരിച്ചു. 88 പേർ ഇപ്പോഴും ആശുപത്രികളിലാണ്. 9 ക്യാംപുകളിലായി 1381 പേർ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതൽ മുണ്ടക്കൈയും ചൂരൽമലയും അടക്കമുള്ള മേപ്പാടി പഞ്ചായത്തിലെ ഭാഗങ്ങളിലും സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ പോത്തുകല്ല്, നിലമ്പൂർ വരെ ചാലിയാറിലും ഇന്നലെ സൂക്ഷ്മ പരിശോധന നടത്തി.
സൂചിപ്പാറ ഭാഗത്തിനു താഴെ ദുർഘടമായ സൺറൈസ് വാലിയിൽ ഹെലികോപ്റ്ററിൽ ദൗത്യസംഘത്തെ ഇറക്കിയായിരുന്നു പരിശോധന.
ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളിലെ വിദ്യാർഥികൾക്ക് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബദൽ സൗകര്യമൊരുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ നിശ്ചിതമേഖലകളിൽ സർക്കാർ 6 മാസത്തേക്കു വൈദ്യുതി വിതരണം സൗജന്യമാക്കും.