പാരിസ്: ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ഗുസ്തിയിൽ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമാകും. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണിത്. ഇന്ന് കലാശപ്പോരിൽ അമേരിക്കയുടെ സാറ ആൻ ഹിൽഡർബ്രാൻറ്റിനെതിരെ മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി.അനുവദനീയമായതിലും 100 ഗ്രാം തൂക്കം കൂടുതലുള്ള സാഹചര്യത്തിലാണ് വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമാകുന്നത്. ഭാരം കൂടുതലുള്ള സാഹചര്യത്തിൽ ചട്ടപ്രകാരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുകയായിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്യാന്തര ഒളിംപിക് അസോസിയേഷൻ തള്ളി. ഇതിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധത്തിലാണ്.
ഒളിംപിക് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിനു പോലും അർഹതയുണ്ടാകില്ല. ഫലത്തിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ, വെങ്കല മെഡൽ ജേതാക്കൾ മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം.
പാരിസ് ഒളിംപിക്സിൽ ഉജ്വല പ്രകടനത്തോടെയാണ് വിനേഷ് ഫോഗട്ട് ഫൈനലിൽ ഇടംപിടിച്ചത്. കടുത്ത പോരാട്ടത്തിൽ പ്രീക്വാർട്ടറിൽ ജപ്പാന്റെ ലോക ഒന്നാം നമ്പർ താരം യുയി സുസാക്കി, ക്വാർട്ടറിൽ മുൻ യൂറോപ്യൻ ചാംപ്യനും 2018ലെ ലോക ചാംപ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവുമായ ഒക്സാന ലിവാച്ച് എന്നിവരെ തോൽപ്പിച്ചാണ് വിനേഷ് ഫോഗട്ട് സെമിയിൽ ഇടംപിടിച്ചത്. അവിടെ ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മൻ ലോപസിനെ 5–0ന് മലർത്തിയടിച്ചാണ് വിനേഷ് സ്വപ്ന ഫൈനലിന് ടിക്കറ്റെടുത്തത്.