കൊച്ചി:അന്താരാഷ്ട്ര പൂച്ച ദിനമായ ഇന്ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ വേറിട്ടൊരു പ്രതിഷേധം നടന്നു.പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് ഇന്ത്യയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി പൂച്ച ഇറച്ചി വിറ്റുള്ള പ്രതിഷേധമാണ് നടന്നത്.വിവിധ പാത്രങ്ങളില്‍ നിരത്തി വച്ചിരിക്കുന്ന പൂച്ചകള്‍. അവയുടെ ഇറച്ചിക്കുള്ള വിലയും രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ പൂച്ചയെ വില്‍ക്കാനല്ല വെച്ചിരിക്കുന്നത്.പൂച്ചയെ പാകം ചെയ്ത് കഴിക്കാത്തവര്‍ മത്സ്യവും കഴിക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് പീറ്റ ഇന്ത്യ എന്ന സംഘടന. എല്ലാ മൃഗങ്ങളും വേദനയും ഭയവും ഉള്ളവരാണെന്നും മാംസാഹാരം വെടിഞ്ഞ് സസ്യഭക്ഷണം ശീലമാക്കണമെന്നുമാണ് സംഘടന പ്രതീകാത്മകമായി പറഞ്ഞു വയ്ക്കുന്നത്.
പൂച്ചകളുടെ രൂപത്തിലുള്ള പാവകളാണ് ഉപയോഗിച്ചിരിക്കുന്നത്.മത്സ്യങ്ങളുടെ സംരക്ഷണത്തിനാണ് പീറ്റ ഈ ക്യാമ്പെയിനൂടെ ഊന്നല്‍ നല്‍കുന്നത്. മത്സ്യങ്ങള്‍ക്കും വേദനയുണ്ടെന്നും പരസ്പരം ആശയവിനിമയം നടത്തി ജീവിക്കുന്ന അവയെ പലപ്പോഴും ജീവനോടെ ചുട്ടും ചതച്ചും കറിവച്ചും മനുഷ്യന് ആഹാരമാക്കുകയാണെന്നുമാണ് പീറ്റയുടെ പരാതി.ആഗോള തലത്തില്‍ സസ്യാഹാരത്തിലേക്കുള്ള മാറ്റം അത്യാവശ്യമാണെന്നും പീറ്റ പറയുന്നു.