അനുഷ എൻ.എസ്
നഴ്സിംഗ് പഠനത്തിൻ്റെ പേരിൽ കേരളത്തിൽ ഓരോ കൊല്ലവും നടക്കുന്നത് വൻ തട്ടിപ്പാണ്. പ്രത്യേകിച്ച് നഴ്സിംഗ് പഠനത്തിനായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്നവരുടെ കാര്യം വളരെ ദയനീയം തന്നെയാണ്.ഇപ്പോഴും അത്തരത്തിലൊരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.കർണാടകയിൽ നഴ്സിങ് കൗൺസിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളിൽ അഡ്മിഷനെടുത്ത നൂറിലധികം മലയാളി വിദ്യാർഥികളുടെ ഉപരിപഠനമാണ് വഴിമുട്ടിയിരിക്കുന്നത്.
2023 ഒക്ടോബറിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾ ഒരു സെമസ്റ്റർ പഠനം പൂർത്തിയാക്കിയപ്പോഴാണ് കോളേജിന് നഴ്സിങ് കൗൺസിലിന്റെ അംഗീകാരമില്ലെന്ന് അറിയുന്നത്. പലതിനും നിഷ്കർഷ മാനദണ്ഡങ്ങൾ
പാലിക്കാത്തതിനാൽ അംഗീകാരം ഐ.എൻ.സി. പിൻവലിച്ചിരുന്നു.ഇത് മറച്ചുവെച്ചാണ് പല ഏജൻസികളും വിദ്യാർഥികളെ തട്ടിപ്പിനിരയാക്കിയത്.ഐ.എൻ.സി. അംഗീകാരമില്ലെന്നറിഞ്ഞതോടെ നിരവധി വിദ്യാർഥികൾ പഠനം നിർത്തി.
നഴ്സിങ് പഠനം പാതിവഴിയിൽ നിർത്തിയവർക്ക് സർട്ടിഫിക്കറ്റ് തിരികെ കിട്ടണമെങ്കിൽ, കോഴ്സിന്റെ മുഴുവൻ ഫീസും അടയ്ക്കണമെന്നാണ് കോളേജധികൃതർ പറയുന്നത്. പണവും സർട്ടിഫിക്കറ്റും തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർഥികൾ. നഴ്സിംഗ് പഠിക്കുവാനായി പോയ വിദ്യാർത്ഥികൾ ചതിയിൽപ്പെട്ടു എന്ന് കേൾക്കുന്നത് നമുക്ക് ഒരു പുതിയ സംഭവമല്ല.അത് ഇന്നൊരു തുടർക്കഥ പോലെയാണ്. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൻ്റെ റിപ്പോർട്ട് പ്രകാരം വർഷം തോറും 2,82,219 പേരാണ് നഴ്സിങ് പഠനത്തിനായി ചേരുന്നത്.
അതിൽ കേരളത്തിലെ കോളേജുകളിൽ അഡ്മിഷൻ എടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. പണ്ടത്തേതിനെ അപേക്ഷിച്ച് നഴ്സിംഗ് മേഖല പ്രൊഫഷനായി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വളരെക്കൂടുതലുമാണ്.വിദ്യാർത്ഥികളുടെ താത്പ്പര്യമറിഞ്ഞ്കൊണ്ട് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മാഫിയയുടെ എണ്ണവും വളരെ കൂടുതലാണ്.
പഠനത്തിനായി വിദ്യാർത്ഥികൾ കൂടുതലായി കർണ്ണാടകയിലെ കോളേജുകളെ ആശ്രയിക്കുന്നത് കൊണ്ട് തന്നെ ഇവിടെ അഡ്മിഷൻ നേടിത്തരാമെന്ന് പറഞ്ഞ് വിദ്യാർഥികളെയും രക്ഷിതാക്കളെയും തട്ടിപ്പിനിരയാക്കുന്ന സംഭവം അന്വേഷിക്കാൻ കഴിഞ്ഞ ദിവസം കേരള മനുഷ്യാവകാശ കമ്മീഷൻ പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു.കോവിഡിന് ശേഷം ആരോഗ്യ മേഖലയിൽ, പ്രത്യേകിച്ച് നഴ്സിംഗ് മേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചിട്ടുണ്ടെന്നും അതിനാൽ നഴ്സിംഗ് പഠിക്കാനുള്ള താൽപര്യം വർധിച്ചിട്ടുണ്ടെന്നും കെഎച്ച്ആർസി അഭിപ്രായപ്പെടുന്നുണ്ട്.
കേരളത്തിൽ നഴ്സിംഗ് സീറ്റുകളുടെ കുറവ് കാരണം, ബെംഗളൂരുവിൽ തന്നെ ആയിരത്തിലധികം നഴ്സിംഗ് കോളേജുകൾ ഉള്ളതിനാൽ സംസ്ഥാനത്ത് നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ നഴ്സിംഗ് പഠിക്കാൻ കർണാടകയിലേക്ക് ഒഴുകുന്നു.എന്നിരുന്നാലും, അമിതമായ തുക ഫീസായി ഈടാക്കുകയും പിന്നീട് വിദ്യാർത്ഥികളെ കബളിപ്പിക്കുകയും ചെയ്യുന്ന ഏജൻ്റുമാർ മുഖേന മാത്രമേ ഈ കോളേജുകളിൽ പ്രവേശനം സാധ്യമാകൂ, അത്കൊണ്ട് തന്നെ സർക്കാർ അംഗീകരിച്ച വാർഷിക ഫീസ് 65,000 രൂപയാണെങ്കിലും വിദ്യാർത്ഥികളിൽ നിന്ന് 3 ലക്ഷം രൂപയിലധികം ഈടാക്കുന്നുണ്ടെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നേരത്തെ ആരോപിച്ചിരുന്നു.
സാമ്പത്തിക തട്ടിപ്പ് മാത്രമല്ല ഈ മേഖലയിൽ ഉള്ളത്, അഡ്മിഷൻ എടുക്കുന്ന സമയത്ത് വിദ്യാർത്ഥികളോട് പറയുന്ന സൗകര്യങ്ങൾ ഒന്നും തന്നെ
പല കോളേജുകളിലും ഉണ്ടായിരിക്കില്ല .ഫീസൊക്കെ അടച്ച് എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി അവിടെ ചെല്ലുമ്പോൾ .അഡ്മിഷൻ്റെ സമയത്ത് പറഞ്ഞ കഥകളൊന്നുമായിരിക്കില്ല യാഥാർത്ഥ്യം.അതായത് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉണ്ടെന്ന് അർത്ഥം. ഒരു നേഴ്സിംഗ് കോളേജ് തുടങ്ങാൻ
രണ്ടര ഏക്കർ സ്ഥലത്തായിരിക്കണം കോളേജ് പ്രവർത്തിക്കേണ്ടത്,23200 സ്വക്വയർ ഫീറ്റിൽ ബിൽറ്റ് അപ്പ് ഏരിയ വേണം, കൂടാതെ സയൻസ് ലാബ് , കമ്യൂണിറ്റി ഹെൽത്ത് നുട്രീഷ്യസ് ലാബ് ,മതിയായ പ്രവർത്തി പരിചയമുള്ള ഒരു പ്രിൻസിപ്പൾ 2 വെെസ് പ്രിൻസിപ്പൾ ,10 കുട്ടിക്ക് ഒരു അദ്ധ്യാപകൻ എന്ന കണക്കിന് മതിയായ അദ്ധ്യാപകരും ഉണ്ടായിരിക്കണം.
ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ പ്രവർത്തിക്കുന്ന നഴ്സിങ് കോളേജുകൾ കേരളത്തിനകത്തും പുറത്തുമായി നിരവധി ഉണ്ട്. വീടു വിറ്റും പണയം വെച്ചും ഉള്ളതെല്ലാം വിറ്റ് പെറുക്കിയും രക്ഷിതാക്കൾ പഠനത്തിനായി പറഞ്ഞയക്കുന്ന വിദ്യാർത്ഥികളുടെ ഈ അവസ്ഥ എല്ലാവർഷവും എന്തെങ്കിലും വിഷയമുണ്ടാകുമ്പോൾ മാത്രം എടുത്ത് പറയേണ്ട ഒന്നല്ല , നേഴ്സിംഗിന് ഇത്രയധികം ഡിമാൻ്റുണ്ടായിട്ടും കുട്ടികൾക്ക് പ്രയോജനപ്പെടുമാംവിധം സീറ്റ് കൂട്ടുവാനോ, പുതിയ കോളേജുകൾ തുടങ്ങുന്നതിനായുള്ള നടപടി സ്വീകരിക്കുവാനോ സർക്കാർ ശ്രമിക്കുന്നില്ല.
ഓരോ വർഷവും നഴ്സിംഗ് പഠനത്തിനായി മുന്നോട്ട് വരുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചുവരികയാണ്. അത്കൊണ്ട് തന്നെ ഈ പ്രശ്നം പരിഹരിക്കുവാനുള്ള നടപടികൾ ഇനിയും വെെകിക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചെയ്യുന്ന ക്രൂരതമാത്രമാണ്. തട്ടിപ്പ് നടത്തുന്ന മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ ശക്തമായ നടപടി എടുക്കേണ്ടതും വളരെ പ്രധാനപ്പെട്ട വിഷയം തന്നെയാണ്.