അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ ആക്രമണം. പെൻസിൽവാനിയയിലെ റാലിക്കിടെയാണ് ട്രംപിനു നേരെ ആക്രമണമുണ്ടായത്. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയുതിർക്കാൻ ശ്രമമുണ്ടായി. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് അറിയിച്ചു.
ട്രംപിനു നേരെ വെടിയുതിർത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. റാലിയിൽ പങ്കെടുത്ത ഒരാള് കൊല്ലപ്പെട്ടതായും മറ്റൊരാൾക്കു ഗുരുതര പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു . അക്രമി സ്റ്റേജിന് നേരെ പലതവണ വെടിയുതിർത്തു. അക്രമിയെ വധിച്ചതായും രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റതായും സുരക്ഷാസേന വ്യക്തമാക്കി.കൃത്യമായ ഇടപെടലിനു ട്രംപ് സുരക്ഷാ സേനയ്ക്ക് നന്ദി അറിയിച്ചു. അതേസമയം ഒരാൾ ആയുധവുമായി കെട്ടിടത്തിന്റെ മുകളിൽ നിൽക്കുന്നത് കണ്ടതായി ദൃക്സാക്ഷി ബിബിസിയോട് പറഞ്ഞു.