മുംബൈ: റഷ്യ – യുക്രൈന് യുദ്ധം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് രണ്ട് മണിക്കൂര്‍ നിര്‍ത്തിവെപ്പിച്ചുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ. യുക്രൈനില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താനാണ് മോദി ഇങ്ങനെ ചെയ്തതെന്നും നിയമസഭയില്‍ ഷിന്ദേ അവകാശപ്പെട്ടു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിക്കും ഒരു യുദ്ധം നിര്‍ത്തിവെപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, പ്രധാനമന്ത്രി മോദി റഷ്യ – യുക്രൈന് യുദ്ധം രണ്ട് മണിക്കൂര്‍ നിര്‍ത്തിവെപ്പിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുന്നത് ഉറപ്പാക്കി. യുക്രൈനെ റഷ്യ ആക്രമിച്ചപ്പോള്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അവിടെ കുടുങ്ങിയത്. ഇതോടെ തങ്ങളുടെ കുട്ടികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് രക്ഷിതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു. അതോടെയാണ് യുദ്ധം രണ്ട് മണിക്കൂര്‍ നിര്‍ത്തിവെപ്പിച്ചതും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതമായ മടക്കം ഉറപ്പാക്കിയതും – ഷിന്ദേ പറഞ്ഞു.
ഛത്രപതി ശിവജിയുടെ പ്രശസ്തമായ ‘വാഘ് നഖ്’ എന്ന ആയുധം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ലണ്ടനില്‍നിന്ന് തിരികെയെത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസിനെതിരെയും ഷിന്ദേ വിമര്‍ശനമുന്നയിച്ചു. ദാരിദ്ര്യം നിര്‍മാര്‍ജനത്തെക്കുറിച്ച് പറയുന്ന കോണ്‍ഗ്രസിന് അത് സാധിച്ചുവോയെന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മുക്തരാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.