ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ബിഎസ്എൻഎല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നെന്ന രീതിയിൽ പുറത്തെത്തിയ വാർത്തകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മൊബൈൽ ഉപഭോക്താക്കൾ. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യൻ ടെലികോം മേഖലയിലെ മത്സരം വർദ്ധിപ്പിക്കാനും കഴിയുന്ന തന്ത്രപരമായ പങ്കാളിത്തമാണ് ഈ കരാറെന്നു പറയാം.
നിലവിൽ ജിയോയും എയർടെലും നയിക്കുന്ന 4ജി വിപണി ഒത്തൊരു എതിരാളിയായി ടാറ്റയും ബിഎസ്എൻഎലും എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ മാസം, ജിയോ അതിന്റെ റീചാർജ് പ്ലാനുകളിൽ വില വർദ്ധനവ് പ്രഖ്യാപിച്ചു, തുടർന്ന് എയർടെൽ, വി (വോഡഫോൺ ഐഡിയ) എന്നിവയിൽ നിന്ന് സമാനമായ പ്രഖ്യാപനങ്ങൾ ഉണ്ടായി. ജിയോ, എയർടെൽ എന്നിവയുടെ പുതിയ നിരക്കുകൾ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെയാണ് ബിഎസ്എൻഎലിലേക്കു പോർട് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചത്.
ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡുമായുള്ള 15,000 കോടി രൂപയുടെ കരാറിന്റെ ഭാഗമായി ടാറ്റ കൺസൾട്ടൻസി സർവീസസ് രാജ്യത്തെ നാല് മേഖലകളിൽ വലിയ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതായാണ് സിഒഒ എൻ ഗണപതി സുബ്രഹ്മണ്യം പറയുന്നത്. 4ജി ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കാൻ ഈ ഡാറ്റ സെന്ററുകൾ സഹായിക്കും. ബിഎസ്എൻഎല്ലിൻ്റെ 4G സേവനങ്ങൾ നിലവിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ ലഭ്യമാകൂ. 9,000 ടവറുകൾ രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട് ഇത് ഒരു ലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം.
സർക്കാരിന്റെ ആത്മനിർഭർ നയത്തിന് അനുസൃതമായി പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ഓഗസ്റ്റ് മുതൽ രാജ്യത്തുടനീളം 4ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അടുത്തിടെ അറിയിച്ചിരുന്നു.700 മെഗാഹെർട്സിന്റെ (Mhz) പ്രീമിയം സ്പെക്ട്രം ബാൻഡിലും പൈലറ്റ് ഘട്ടത്തിൽ 2,100 Mhz ബാൻഡിലും പുറത്തിറക്കിയ 4G നെറ്റ്വർക്കിൽ സെക്കൻഡിൽ 40-45 മെഗാബിറ്റ് പീക്ക് സ്പീഡ് രേഖപ്പെടുത്തിയതായും ബിഎസ്എൻഎല്‍ അധികൃതർ അവകാശപ്പെട്ടു.