നാടകകൃത്തും നൊബേല്‍ സമ്മാന ജേതാവുമായ ഹാരോള്‍ഡ് പിന്ററിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പെന്‍ പിന്റര്‍ പുരസ്കാരം കരസ്ഥമാക്കി അരുന്ധതി റോയ് .പാരിസ്ഥിതിക തകര്‍ച്ച മുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ അരുന്ധതി റോയി നടത്തിയ വ്യാഖ്യാനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് പുരസ്കാര നിര്‍ണയ സമിതി അവാര്‍ഡ് പ്രഖ്യാപിച്ചത്.
ബുദ്ധിയും സൗന്ദര്യവുമുള്ള അനീതിയുടെ അടിയന്തര കഥകളാണ് അരുന്ധതിറോയിയെന്ന് പെന്‍ ജൂറി ചെയര്‍ റൂത്ത് ബോര്ത്വിക് പ്രശംസിച്ചു. ഇന്ത്യ ലോകത്തിന്റെ പ്രമുഖ ശ്രദ്ധാകേന്ദ്രമായി നിലനില്ക്കുമ്പോള് അരുന്ധതി ഒരു അന്താരാഷ്ട്ര ചിന്തകയായി മാറുന്നുവെന്നും അവരുടെ ശബ്ദം നിശബ്ദമാക്കപ്പെടരുതെന്നും റൂത്ത് അഭിപ്രായപ്പെട്ടു.
മിഷേല്‍ റോസെന്‍, മലോറി ബ്ലാക്മാന്, മാര്‍ഗരറ്റ് അറ്റ്വുഡ്, സല്മാന് റുഷ്ദി തുടങ്ങിയവരാണ് അരുന്ധതിക്കുമുമ്പ് പെന്‍ പിന്റര്‍ പുരസ്കാരം നേടിയവര്‍.
‘ലോകം സ്വീകരിക്കുന്ന അഗ്രാഹ്യമായ വഴിത്തിരിവിനെക്കുറിച്ച് എഴുതാന്‍ ഹരോള്‍ഡ് പിന്റര്‍ ഇന്ന് നമ്മളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ അഭാവം എഴുത്തുകളിലൂടെ നികത്താന്‍ നമ്മളില്‍ ചിലരെങ്കിലും കഴിവിന്റെ പരമാവധി ശ്രമിക്കണം.’- പുരസ്കാര ലബ്ധിയെക്കുറിച്ച് അരുന്ധതി റോയി പ്രതികരിച്ചതിങ്ങനെയാണ്.