ഇ പി ജയരാജന് സി പി എമ്മിന് വലിയ ബാധ്യതയെന്ന് പാര്‍ട്ടി നേതൃത്വവും ശരിവെക്കുകയാണ്.ഇന്നലെ സമാപിച്ച സി പി എം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി ജയരാജനെതിരെ കടുത്ത ഭാഷയിലാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പ്രതികരിച്ചത്.ഇ പി ജയരാജന്റെ വഴിവിട്ട ബന്ധങ്ങള്‍ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയെന്നും,തുടര്‍ച്ചയായുള്ള ആരോപണങ്ങള്‍ ജനങ്ങളില്‍ വലിയ അവമതിപ്പുണ്ടാക്കിയെന്നുമാണ് സി പി എം വിലയിരുത്തുന്നത്.കേന്ദ്രകമ്മിറ്റിയംഗവും ഇടതുപക്ഷ മുന്നണിയുടെ കണ്‍വീനറുമായ ഇ പി ജയരാജന് പലപ്പോഴും രാഷ്ട്രീയ പക്വതയില്ലാതെ പെരുമാറുന്നുവെന്നും ബി ജെ പി നേതാക്കളുമായുള്ള ബന്ധം തിരിച്ചടിക്ക് കാരണമായെന്നുമാണ് നേതാക്കള്‍ തുറന്നടിച്ചത്.
ബി ജെ പി യുടെ സ്ഥാനാര്‍ത്ഥികള്‍ ഗംഭീരമാണെന്നുള്ള ഇ പിയുടെ അഭിപ്രായപ്രകടനം എന്തിനുവേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കിയില്ല. പലവിധത്തില്‍ ന്യായീകരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ബി ജെ പി യുടെ ദേശീയ നേതാവായ പ്രകാശ് ജാവഡേക്കര്‍ ഇ പിയുടെ വീട്ടിലെത്തിയെന്ന വെളിപ്പെടുത്തല്‍ വലിയ ആഘാതമാണ് പാര്‍ട്ടിക്കുണ്ടാക്കിയത്.ബി ജെ പി നേതാക്കളുമായുള്ള അടുപ്പവും മറ്റും വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സംശയത്തിന് വഴിവച്ചുവെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ആരോപിച്ചു.
ഇ പിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഉണ്ടാക്കിയ കണ്‍ഫ്യൂഷനെ മറികടക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായെന്നാണ് അംഗങ്ങളുടെ ആരോപണം.മുഖ്യമന്ത്രിയുടെ ശൈലിയും ചര്‍ച്ചയായെങ്കിലും ഇതിനൊന്നും മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയതും നേതാക്കളില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കയാണ്.ആരോപണങ്ങള്‍ ഉയരുമ്പോള്‍ മൗനം പാലിക്കുകയെന്നതാണ് പിണറായി വിജയന്റെ പൊതു രീതി.ഇതേ നിലപാടാണ് സംസ്ഥാന സമിതിയോഗത്തിലും അദ്ദേഹം പിന്തുടര്ന്നത്.
ഇ പിയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ഘടകമായ കേന്ദ്രകമ്മിറ്റിക്ക് മാത്രമേ കഴിയൂ.കേന്ദ്ര കമ്മിറ്റിയോഗം ചേര്‍ന്ന് ഇ പി ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നും ഇ പിയെ മാറ്റണമെന്ന ആവശ്യമാണ് ഇനി ഉയരാനിരിക്കുന്നത്.പാര്‍ട്ടി സെക്രട്ടറിയാക്കാത്തതിനും മട്ടന്നൂര്‍ സീറ്റില്‍ തുടര്‍ന്ന മത്സരിപ്പിക്കാത്തതിലും നിരാശനായിരുന്നു ഇ പി ജയരാജന്.പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഏറെ മോഹിച്ചിരുന്ന ഇ പി പിന്നീട് ഇടഞ്ഞു. ഇ പിയെ മെരുക്കുകയെന്ന ലക്ഷ്യത്തിലാണ് മുന്നണി കണ്‍വീനര്‍ സ്ഥാനം നല്‍കിയത്.എന്നാല്‍ ഇ പി തുടര്‍ച്ചയായി വിവാദങ്ങളില്‍ ചെന്നു പെടുന്നത് പാര്‍ട്ടിയെ ഏറെ ക്ഷീണിപ്പിച്ചു.നാക്കുപിഴയും എതിരാളികളുമായുള്ള രഹസ്യ സൗഹൃദവും ഇ പിയെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അകറ്റി.
മകന്റെ പേരിലുള്ള വൈദേകം റിസോര്‍ട്ടില്‍ ഇ പിയുടെ പങ്കാളിത്തം സംബന്ധിച്ച പരാതി നേരത്തെ ഉന്നയിച്ചത് പി ജയരാജനായിരുന്നു. എന്നാല്‍ പിന്നീട് ഈ പരാതി പാര്‍ട്ടി ഒതുക്കി.എന്നാല്‍ ഇതൊന്നും വോട്ടര്‍മാര്‍ മറന്നില്ല.ജയരാജനെ സി പി എം എന്തു ചെയ്യുമെന്ന് തന്നെയാണ് അണികളുടെ ചോദ്യം.ഈ ചോദ്യത്തിനുള്ള വ്യക്തമായ മറുപടി പാര്‍ട്ടി നേതൃത്വം നല്‍കിയേ തീരൂ.വിവാദ ദല്ലാള്‍ നന്ദകുമാര്‍ തിരഞ്ഞെടുപ്പുകാലത്ത് നടത്തിയ വെളിപ്പെടുത്തലുകളില്‍ വ്യക്തമായ മറുപടിയല്ല ഇ പി പറഞ്ഞിരുന്നത്.
മുന്നണി കണ്‍വീനറായതിന് ശേഷം ഈയടുത്തകാലത്ത് പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവന്നത് എ വിജയരാഘവന് മാത്രമാണ്.വൈക്കം വിശ്വന്,എം എം ലോറന്‍സ് തുടങ്ങിയ നേതാക്കള്‍ പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്നും റിട്ടയര്‍ ചെയ്യുകയായിരുന്നു.ഇ പിയും ഇവരുടെ വഴിയേ ആവാനുള്ള സാധ്യതയാണ് തെളിഞ്ഞു കാണുന്നത്.ഇ പിയെ പാര്‍ട്ടിയില്‍ നിന്നും പൂര്‍ണമായും മാറ്റി നിര്‍ത്താനുള്ള നീക്കവും സജീവമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തി ക്ഷയിച്ചാല്‍ അതോടെ ഇ പിയുടെ കാലവും തീരുമാനിക്കപ്പെടും.നവകേരള യാത്രമുതല്‍ സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പരിപാടികള്‍ എല്ലാം വിപരീദ ഫലമാണ് ഉണ്ടാക്കിയതെന്നാണ് സംസ്ഥാന കമ്മിറ്റിയംഗങ്ങളില്‍ പലരും അഭിപ്രായപ്പെട്ടത്.എന്നാല്‍ പിണറായി വിജയന്റെ ഏറ്റവും വലിയ ജനകീയ പരിപാടിയായാണ് തിരഞ്ഞെടുപ്പില്‍ സി പി എം ഉയര്‍ത്തിക്കാട്ടിയത്.
മന്ത്രി സഭയിലെ അംഗങ്ങളില്‍ ഏറെക്കുറെ എല്ലാവരും തികഞ്ഞ പരാജയമാണെന്നുള്ള പ്രതികരണമാണ് സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത്.പാര്‍ട്ടി തിരുത്തുമെന്ന് പറയുമ്പോഴും ഇ പി ജയരാജനെപ്പോലുള്ള നേതാക്കളുമായാണ് സംഘടന മുന്നോട്ട് പോവുന്നത്.സര്‍ക്കാരില്‍ പാര്‍ട്ടിക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന ആരോപണം പിണറായി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു എന്നു പറയാതെ പറയുകയായിരുന്നു.മൂന്നു ദിവസം നീണ്ടുനിന്ന തെറ്റുതിരുത്തല്‍ ചര്‍ച്ചകളില്‍ ഉയര്‍ന്ന ആരോപണങ്ങളും നിര്‍ദ്ദേശങ്ങളും സംസ്ഥാന കമ്മിറ്റി വീണ്ടും പരിശോധിക്കും.സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കൂടി അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.