ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയചകിതനായിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി എംപി. വിപ്ലവകരമായ പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്റേതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യുന്നത് ജാതി സെന്‍സസ് ആയിരിക്കുമെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.
ജാതി സംബന്ധിച്ച കണക്കെടുപ്പ് മാത്രമായിരിക്കില്ല നടക്കുകയെന്നും സാമ്പത്തികവും സാമൂഹികവുമായ സര്‍വേ ആയിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദേശീയതലത്തിലുള്ള ഒരു എക്സ്-റേ ആയിരിക്കും അത്. സ്വാതന്ത്ര്യത്തിന്റെ എഴുപത് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള യുക്തിപരമായ ചുവടുവെപ്പായിരിക്കും ജാതി സെന്‍സസ് എന്നും രാഹുല്‍ പറഞ്ഞു.
തന്റെ ശതകോടീശ്വരന്മാരായ സുഹൃത്തുക്കള്‍ക്കായി 16 ലക്ഷം കോടിയുടെ വായ്പകള്‍ എഴുതിത്തള്ളിയ മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മോദി സമ്പന്നരായ 22 പേര്‍ക്ക് നല്കിയ 16 ലക്ഷം കോടി രൂപയില്‍നിന്നുള്ള ചെറിയ തുക 90 ശതമാനം വരുന്ന പാവപ്പെട്ട ഇന്ത്യക്കാര്‍ക്ക് തിരികെനല്‍കുമെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
സമ്പത്തിന്റെ പുനര്‍വിതരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശം ബിജെപി പ്രചാരണായുധമാക്കിയ സാഹചര്യത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ഇന്ത്യയില്‍ ഇത്തരം നയമില്ലെന്നും ധനികനായ ഒരാള്‍ മരിച്ചാല്‍ പണം മുഴുവന്‍ മക്കള്‍ക്കാണ് കിട്ടുകയെന്നും പൊതുജനത്തിന് യാതൊന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സമ്പത്തിന്റെ പുനര്‍വിതരണത്തിന് ഇന്ത്യയ്ക്ക് പുതിയ നയവും പദ്ധതികളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അധികാരത്തിലെത്തിയാല്‍ സമൂഹത്തിലെ അസമത്വം മറികടക്കാനായി സാമ്പത്തിക നയങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനവും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ 2006-ലെ പ്രസംഗവും ഉയര്‍ത്തിക്കാട്ടിയായിരുന്നു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ മോദിയുടെ പ്രസംഗം. രാജ്യത്തിന്റെ പൊതുസ്വത്തില്‍ ആദ്യ അവകാസം മുസ്ലിങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നെന്നും അതിനര്‍ഥം അവര്‍ സ്വത്തുക്കള്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും വിതരണംചെയ്യുമെന്നാണെന്നുമായിരുന്നു മോദിയുടെ പ്രസംഗം.