നാലാം ലോക കേരളസഭയ്ക്ക് തലസ്ഥാനനഗരി വേദിയാകും. വ്യാഴം മുതൽ ശനിവരെ നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിലാണ് സഭ നടക്കുന്നത്. 100 രാജ്യത്തുനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 351 അംഗങ്ങൾ പങ്കാളികളാകും.
വ്യാഴം രാവിലെ 10.30ന് ലോക കേരളം ഓൺലൈനിൻ്റെ ഉദ്ഘാടനവും കേരള കുടിയേറ്റ സർവേയുടെ (2023) പ്രകാശനവും മുഖ്യമന്ത്രി നടത്തും. വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം നടക്കും. വെള്ളി രാവിലെ പത്തിന് ശങ്കരനാരായണൻ തമ്പി ഹാളിൽ ലോക കേരളസഭ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ സംസാരിക്കും.
പകൽ രണ്ടുമുതൽ മൂന്നരവരെ എട്ട് വിഷയാധിഷ്ടിത ചർച്ച നടക്കും. തുടർന്ന് മേഖലാ സമ്മേളനം ചേരും. ശനി രാവിലെ 9.30 മുതൽ 10.15 വരെ മേഖലാ യോഗവും റിപ്പോർട്ടിങ്ങും തുടർന്ന് എട്ട് വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്ങും നടക്കും. വൈകിട്ട് 3.30ന് മുഖ്യമന്ത്രി മറുപടി പറയും.