അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശംവെച്ചവരിൽനിന്ന് മൂന്നുവർഷത്തിനകം പിഴയായി ഈടാക്കിയത് 7.34 കോടിയില്‍പ്പരം രൂപ. സംസ്ഥാനത്താകെ 63,958 റേഷൻ കാർഡുടമകളെയാണ് മുൻഗണനപ്പട്ടികയിൽനിന്ന് അനർഹരായി കണ്ടെത്തിയത്. 2021 മേയ് 21 മുതൽ 2024 മാർച്ച് 31 വരെയുള്ള കണക്കാണിത്.
നേരിട്ടും ടെലിഫോൺ പരാതി സെല്ലിലൂടെയും അനർഹരെപ്പറ്റി വിവരം കൈമാറാം. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർ/റേഷനിങ് ഇൻസ്പെക്ടറാണ് ഫീൽഡ് തല പരിശോധനനടത്തി അനർഹരെ കണ്ടെത്തുന്നത്. ദുരുപയോഗംചെയ്ത സാധനങ്ങളുടെ കമ്പോളവില പിന്നീട് പിഴയായി ഈടാക്കി കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റും.