കാസര്‍കോട്: നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ആരോപണവുമായി കുടുംബം രംഗത്ത്. മുളിയാര്‍ അര്‍ളടുക്ക കൊപ്പാളംകൊച്ചിയില്‍ ബിന്ദു(28)വിന്റെയും നാലുമാസം പ്രായമുള്ള മകള്‍ ശ്രീനന്ദയുടെയും മരണത്തിലാണ് ബിന്ദുവിന്റെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഭര്‍ത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് ബിന്ദുവിന്റെ അച്ഛന് രാമചന്ദ്രന്റെ ആരോപണം. വെള്ളിയാഴ്ച രാവിലെയും ഭര്‍തൃമാതാവ് ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചു. ഇവര്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതായും രാമചന്ദ്രന് പറഞ്ഞു.
കഴിഞ്ഞദിവസമാണ് ബിന്ദുവിനെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വീട്ടുമുറ്റത്ത് മരത്തില്‍ തൂങ്ങിയനിലയിലായിരുന്നു ബിന്ദുവിന്റെ മൃതദേഹം. വീട്ടിലെ കിടപ്പുമുറിയില്‍ കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തി. ഇവരുടെ മറ്റൊരു മകന് സുരക്ഷിതനാണ്. ഇടുക്കിയിലാണ് ബിന്ദുവിന്റെ ഭര്‍തൃവീട്. വര്‍ഷങ്ങളായി കുടുംബസമേതം കൊപ്പാളംകൊച്ചിയില്‍ താമസിച്ചുവരികയാണ്.