തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് തെറ്റാണെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി.അനില്‍ ആന്റണിയുടെയും പദ്മജയുടെയും ബിജെപി പ്രവേശത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു പ്രതികരണം.പത്തനംതിട്ടയില്‍ താന്‍ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വിജയിക്കും.ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നത് വിരോധാഭാസമല്ല,തെറ്റാണ്. നേതാക്കളുടെ മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട.ആ ശീലം ഞാന്‍ പഠിച്ചിട്ടില്ല.പത്തനംതിട്ടയില്‍ അനില്‍ ആന്റണിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ആന്റണി നടത്തിയത്.തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും പാനൂരില്‍ ബോംബ് ഉണ്ടാക്കുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രം നീതി, അല്ലാത്തവര്‍ക്ക് നീതിയില്ല.മോദി പിണറായി സര്‍ക്കാരുകള്‍ക്കെതിരായ വിധിയാകണം തിരഞ്ഞെടുപ്പ് ഫലം എന്നും എ കെ ആന്റണി പറഞ്ഞു.ജീവിക്കാന്‍ ഗതിയില്ലാതെ കാശിനു വേണ്ടി റഷ്യയില്‍ യുദ്ധം ചെയ്യാന്‍ പോലും മലയാളികള്‍ പോകുന്നു.കേരളത്തില്‍ ജീവിച്ചിട്ട് കാര്യമില്ല എന്ന് യുവാക്കള്‍ ചിന്തിക്കുന്നു.ചെറുപ്പക്കാരുടെ ഒഴുക്ക് വിദേശത്തേക്ക് ഉണ്ടായിട്ട് മുഖ്യമന്ത്രി എന്ത് ചെയ്യുന്നു.കേരളം അന്യ സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന ഇടമായി മാത്രം മാറിയേക്കും.ജനങ്ങള്‍ കഷ്ടപ്പെടുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ധൂര്‍ത്തടിക്കുന്നു.ഇടതുപക്ഷത്തിന് തുടര്‍ഭരണം നല്‍കിയതാണ് ഏറ്റവും വലിയ ദുരന്തം.
കേരളത്തില്‍ ലൗ ജിഹാദുണ്ട്;പത്മജ വേണുഗോപാല്‍
ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ് പിണറായി വിജയന്റെ പൂര്വികന്മാര്.ചരിത്രത്തെ മറന്നു മുന്നോട്ടുപോയാല്‍ ജനങ്ങള്‍ മാപ്പു നല്‍കില്ല.കേരളത്തില്‍ അരിയാഹാരം കഴിക്കുന്ന മലയാളികള്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയെ ഏപ്രില്‍ 26ന് നിരാകരിക്കും.ഈസ്റ്ററിനും വിഷവിനും മലയാളികള്‍ പട്ടിണിയിലാണ്. മലയോര ജനതയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. കേരളത്തില്‍ മാത്രമേ കാടുകള്‍ ഉള്ളോ. മറ്റു സംസ്ഥാനങ്ങളില്‍ വന്യജീവി ആക്രമണം കേള്‍ക്കാന്‍ ഇല്ലല്ലോ.മലയോര കര്‍ഷകര്‍ എവിടെയെങ്കിലും ഓടി പോകട്ടെ എന്ന ദുഷ്ടലാക്ക് സര്‍ക്കാരിന് ഉണ്ടോ എന്ന് സംശയം ഉണ്ടോയെന്നും ആന്റണി ചോദിച്ചു.