ആവേശം സിനിമയിലെ രംഗണ്ണയായുള്ള ഫഹദിന്റെ പെർഫോമർസ് നമ്മളെ ഞെട്ടിച്ച ഒന്നായിരുന്നു. ഇതുവരെ നമ്മൾ കാണാത്ത ഫഫയെ അവതരിപ്പിച്ചുകൊണ്ട് ജിത്തു മാധവൻ നമ്മുക്ക് തന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.
ടീസർ ഇറങ്ങിയപ്പോൾതൊട്ട് എടാ മോനെ എന്ന വിളിയും, രംഗണ്ണന്റെ ലുക്കും വെെറലായിരുന്നു. സിനിമയിറങ്ങിയപ്പോൾ അത് വീണ്ടും വെെറലായി. അതിനൊപ്പം രംഗണ്ണയുടെ ടാലന്റ് ടീസറും എത്തിയതോടെ സോഷ്യൽ മീഡിയയിൽ രംഗണ്ണൻ കത്തി നിൽക്കുകയാണ്
ഫഹദ് പറഞ്ഞപോലെ മമ്മൂക്ക ഈ സീനൊക്കെ പണ്ടേ രാജമാണിക്യത്തിൽ വിട്ടിട്ടുണ്ടെങ്കിലും മാണിക്യത്തിൽ നിന്നും രംഗണ്ണയിലേക്കെത്തുമ്പോൾ പല വ്യത്യസങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് രംഗയുടെ ആഭരണങ്ങൾ. അതൊന്നും ഫാൻസി ഐറ്റംസല്ല, ഒറിജിനൽ ഗോൾഡാണ്. വിലകൂടിയ രത്നങ്ങളും മരതകങ്ങളുമൊക്കെ വെച്ച് ഉണ്ടാക്കിപ്പിച്ച ഏകദേശം 60 പവൻ വരുന്ന ഗോൾഡ് ജ്വലറികൾ.
ചിത്രത്തിലെ പാട്ടുകളും രംഗണ്ണയുടെ റീൽസുമൊക്കെ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുമ്പോൾ ചിത്രത്തിലെ ഫഹദിന്റെ മേക്കോവറും ആഭരണങ്ങളൊക്കെയാണ് മറ്റൊരു ചർച്ചയാകുന്നത്.
വെള്ള ഷർട്ടും പാന്റ്സുമിട്ട് ഒപ്പം കൂളിംഗ് ഗ്ലാസും കഴുത്തിലെ ചെയിനുകളും കയ്യിലെ റാഡോ വാച്ചും, വളകളുമെല്ലാമാണ് രംഗയുടെ ലുക്കിന്റെ മെയിൻ അട്രാക്ഷൻ. ഇതിന് പിന്നിലെ കെെകൾ ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറായ മഷർ ഹംസയുടേതാണ്.
അടുത്തിടെ ഒരു അഭിമുഖത്തിൽ വസ്ത്രാലങ്കാരത്തിലെ കോടികളുടെ കണക്കുകൾ മഷർ വെളിപ്പെടുത്തിയിരുന്നു. മഷർ ഹംസ ചെയ്ത തല്ലുമാലയിലെ കോസ്റ്റ്യൂമും പണ്ടിതുപോലെ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.
രംഗയിലേക്ക് വരുമ്പോൾ ഏകദേശം 60 പവൻ വരുന്ന ചെയിനുകളും വളകളും മോതിരങ്ങളുമാണ് ഒരുക്കിയത്. മുഴുവൻ ആഭരണങ്ങളും സ്വർണത്തിൽത്തന്നെ പണിയിപ്പിച്ചതാണ് എന്നതാണൊരു പ്രത്യേകത.
വെള്ള വസ്ത്രത്തിന് ചേരുന്ന ഒരു സ്റ്റൈൽ കൊണ്ടുവരാനാണ് വൻ ഹെവിയായ ജ്വലറി തെരഞ്ഞെടുത്തത്. കഥാപാത്രത്തിന് വേണ്ടി ഫഹദ് കാതും കുത്തി. മരതകക്കല്ല് പതിപ്പിച്ച കമ്മലാണ് ഫഹദിട്ടത്. കൂടെ മരതകംവെച്ച ഒരു ചെയിനും. രങ്കണ്ണന്റെ വണ്ടിയായ പച്ച ക്വാളിസിനോട് മാച്ച് ആവാനാണ് മരതകം ഉപയോഗിച്ചതെന്നാണ് മഷർ പറഞ്ഞത്.
വേറൊരു പ്രത്യേകത റാഡോയുടെ വിന്റേജ് ക്ലാസിക് മോഡൽ ഗോൾഡൻ വാച്ചും കുറേ വമ്പൻ മോതിരങ്ങളുമായിരുന്നു. പോരാത്തതിന് രംഗ ഇട്ട പെൻഡന്റുകളും, കൂടെ കൊണ്ടുനടന്നിരുന്ന മിനിയേച്ചർ കത്തികളുമെല്ലാം പ്രത്യേകം പ്രത്യേകം ഡിസൈൻ ചെയ്യിപ്പിച്ചെടുത്തതാണ്. ഓരോന്നും ഓരോ വ്യത്യസ്ത കത്തിയുടെ രൂപങ്ങളിലാണ്.
മോതിരങ്ങളായാലും വളരെ ഡീറ്റെയ്ലിങ് ആയാണ് ചെയ്തത്. ഇത്രയും കോസ്റ്റ്ലിയായ ഓർണ്ണമെന്റ്സ് സെറ്റിൽ സൂക്ഷിച്ചിരുന്നത് ഫഹദിന്റെ പേഴ്സണൽ മാനേജർ ഷുക്കൂറായിരുന്നു. കാരണം ഷൂട്ട് കഴിഞ്ഞ് അത് വാനിൽ വെക്കുന്നതത്ര സുരക്ഷിതമല്ലല്ലൊ, എന്നാണ് മഷർ പറഞ്ഞത്.