പെരിന്തൽമണ്ണ: പോലീസ്സ്റ്റേഷനിൽ നൽകിയ പരാതിക്ക് രസീത് നൽകിയില്ല സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥന് പിഴചുമത്തി മലപ്പുറം ജില്ലാ പോലീസ് മേധാവി. പെരിന്തൽമണ്ണ പോലീസ്സ്റ്റേഷൻ എസ്.എച്ച്.ഒ. ആയിരുന്ന പ്രേംജിത്തിനാണ് ആയിരം രൂപ പിഴചുമത്തിയത്. നിലവിൽ കണ്ണൂർ നർക്കോട്ടിക് ഡിവൈ.എസ്.പി.യാണ് ഇദ്ദേഹം.
തുക ട്രഷറിയിൽ അടച്ച് രസീത് എസ്.പി. ഓഫീസിൽ ഹാജരാക്കണമെന്നും ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഉത്തരവിട്ടു. തിരൂർക്കാട് സ്വദേശി അനിൽ ചെന്ദ്രത്തിലാണ് പരാതിക്കാരൻ. തന്റെ പരാതിക്ക് രസീത് നൽകാത്തതിനെതിരേ പെരിന്തൽമണ്ണ ഡിവൈ.എസ്.പി.ക്ക് ആദ്യം അപ്പീൽ നൽകിയിരുന്നു. ഇതു പരിഗണിക്കാത്തതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ രണ്ടാം അപ്പീലിലാണ് നടപടി.
2012-ൽ നിലവിൽവന്ന സേവനാവകാശ നിയമപ്രകാരം കേരളത്തിലെ ആദ്യ ശിക്ഷാനടപടിയാണിതെന്ന് അനിൽ പറഞ്ഞു. ആദ്യ അപ്പീൽ പരിഗണിക്കാതിരുന്ന ഡിവൈ.എസ്.പി.ക്കും പിഴ ചുമത്താത്തതിനാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അനിൽ അറിയിച്ചു. പോലീസ്സ്റ്റേഷനിൽ നൽകുന്ന എല്ലാ പരാതികൾക്കും അപേക്ഷകൾക്കും രസീത് നൽകണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെയും പൊതുഭരണ വകുപ്പിന്റെയും ഉത്തരവുണ്ട്.