അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തിനു പാടാൻ ഇന്ത്യയിലെ പ്രമുഖ ഗായകരും. ശ്രേയ ഘോഷാൽ, സോനു നിഗം, ശങ്കർ മഹാദേവൻ, ഹരിഹരൻ, കൗശികി ചക്രവർത്തി എന്നിവരാണ് വിവാഹദിനത്തിൽ പാട്ടുമായി അതിഥികൾക്കു മുന്നിലെത്തുക. വിവാഹ ചടങ്ങിനിടെ ലൈവായി ഭക്തിഗാനങ്ങളും ശ്ലോകങ്ങളും ആലപിക്കാനാണ് അംബാനി കുടുംബം ഈ ഗായകരെ ക്ഷണിച്ചതെന്നാണു സൂചന.
പോപ് താരങ്ങളായ അഡെൽ, ലാന ഡെൽ റേ, റാപ്പർ ഡ്രേക്ക് എന്നിവരും അംബാനിക്കല്യാണം കൊഴുപ്പിക്കാൻ പാട്ടുമായി വേദിയിലെത്തും. വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് ചടങ്ങിൽ പാടാൻ 83 കോടി രൂപയെറിഞ്ഞ് ഗായകൻ ജസ്റ്റിൻ ബീബറിനെ അംബാനി മുംബൈയിലെത്തിച്ചത് വലിയ വാർത്തയായിരുന്നു. സാധാരണയായി സ്വകാര്യ ആഘോഷ വേദികളിൽ പാടുന്നതിന് 20 മുതൽ 50 കോടി വരെയാണ് ബീബർ വാങ്ങാറുള്ളത്. ഏറ്റവും ഉയർന്ന പ്രതിഫലമാണ് അംബാനി കുടുംബത്തിൽ നിന്നും ബീബർ കൈപ്പറ്റിയത്.
മാർച്ചിൽ ജാംനഗറിൽ നടന്ന അനന്ത്–രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാൻ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്. ഒരു മണിക്കൂർ പ്രകടനത്തിന് 74 കോടി റിയാന പ്രതിഫലമായി കൈപ്പറ്റി. 2018ൽ മകൾ ഇഷയുടെ വിവാഹത്തിന് ഇതിഹാസ ഗായിക ബിയോൺസിയെയാണ് മുകേഷ് അംബാനി പാടാനായി ക്ഷണിച്ചത്.
അതിനു വേണ്ടി 50 കോടിയിലേറെ രൂപ ചിലവഴിച്ചിരുന്നു.ജൂലൈ 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന് അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്റിന്റെയും ഷൈല വിരേന്‍ മെര്‍ച്ചന്റിന്റെയും മകൾ രാധികയുടെയും വിവാഹം. മുംബൈയിലെ ജിയോ കൺവൻഷൻ സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. രാജ്യം കാത്തിരിക്കുന്ന ആഡംബര വിവാഹം സംബന്ധിച്ച വിവരങ്ങളെല്ലാം ആകാംക്ഷയോടെ ജനം സ്വീകരിക്കുന്നത്.