പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിക്കുന്ന വീടുകളുടെ മുന്നില്‍ പദ്ധതിയുടെ ലോഗോ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാന്‍ സാഹു രാജ്യസഭയില്‍ അറിയിച്ചു.ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാന്‍ സാഹു ഇക്കാര്യം രാജ്യസഭയില്‍ വ്യക്തമാക്കിയത്.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നാല് വിഭാഗങ്ങളിലായാണ് സഹായം അനുവദിക്കുന്നത്. ചേരി നിര്‍മ്മാര്‍ജ്ജനത്തിന് ഒരു ലക്ഷം രൂപയും ഗുണഭോക്താക്കള്‍ നേരിട്ട് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ഒന്നര ലക്ഷം രൂപ വീതവും, വായ്പയെടുത്ത് വീട് നിര്‍മ്മിക്കുന്നവര്‍ക്ക് 2.67 ലക്ഷം രൂപ പലിശ സബ്സിഡിയുമാണ് നല്‍കുന്നതെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു.
കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകള്‍ക്ക് പ്രത്യേകം ലോഗോ വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്.ബ്രാന്റിംഗ് നല്‍കുന്നത് വിവേചനത്തിന് ഇടയാക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം.എല്ലാ ഭവന നിര്‍മ്മണ പദ്ധതികളും ഒരൊറ്റക്കുടക്കീഴിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന് എന്ന ഒറ്റ പദ്ധതി ആവിഷ്കരിച്ചത്.പ്രധാനമന്ത്രി ആവാസ് യോജന വഴി നഗര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും വീട് വയ്ക്കാന്‍ നല്കുന്ന പദ്ധതിയും ഇതില്‍പ്പെടും.