കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരൻ മരിച്ചു. ചെമ്പ്രശ്ശേരി സ്വദേശി അഷ്മിൽ ഡാനിഷ് ആണ് മരിച്ചത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഇന്നലെയാണ് മെഡിക്കൽ കോളജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നത്. ആസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്റിബോഡി ഇന്ന് എത്തിക്കാനിരിക്കെയാണ് രാവിലെ 11.30ഓടെ മരണം.
രാവിലെ 10.50ഓടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായെന്നും പിന്നാലെ 11.30ഓടെ മരിക്കുകയായിരുന്നെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. നിപ മരണത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കാര ചടങ്ങുകൾ നടത്തും. സംസ്ഥാനത്ത് നിപ ബാധിച്ച് ആറ് വർഷത്തിനിടെ മരിച്ചവരുടെ എണ്ണം ഇതോടെ 21 ആയി.
ജൂലൈ 10നാണ് പാണ്ടിക്കാട് സ്വദേശിയായ 14കാരന് പനി ബാധിച്ചത്. 12ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ച് ശേഖരിച്ച സാമ്പ്ൾ പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്.
പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാമ്പിളിൽ നിപ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ, ഇന്നലെ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുമായി സമ്പർത്തത്തിലുള്ള 214 പേർ നിരീക്ഷണത്തിലുണ്ട്. ഇരിൽ 60ഓളം പേർ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. ചികിത്സിച്ച ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, കുട്ടിയുടെ ബന്ധുകൾ തുടങ്ങിയവരാണിത്. കുട്ടിയെ ആദ്യം ചികിത്സിച്ച ക്ലിനിക്കിലെ ഡോക്ടർ, പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ, പത്തോളം ജീവനക്കാർ തുടങ്ങിയവരാണ് നിരീക്ഷണത്തിലുള്ള ആരോഗ്യപ്രവർത്തകർ.
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് മുതൽ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ ആളുകളുടെയും പട്ടിക ആരോഗ്യപ്രവർത്തകർ തയാറാക്കിവരുന്നുണ്ട്. ചികിത്സ തേടിയ ആശുപത്രികളിലെത്തിയവർ, സ്കൂൾ, ട്യൂഷൻ സെൻറർ എന്നിവിടങ്ങളിലെ അധ്യാപക-വിദ്യാർഥികൾ തുടങ്ങിയവരുടെ പട്ടികയാണ് തയാറാക്കുന്നത്. 50ഓളം ആരോഗ്യപ്രവർത്തകർ പാണ്ടിക്കാട് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ചു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള 13കാരനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.