മട്ടന്നൂർ: യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദിന് മട്ടന്നൂർ പോലീസ് നിരീക്ഷണം ഏർപ്പെടുത്തി. അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത് ഫർസീൻ മജീദ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയിരുന്നു.
മുൻപ് മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ പ്രതിഷേധിച്ചതിനെ തുടർന്നും ഫർസീന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയുടെ ദൃശ്യങ്ങൾ ആകാശ് തന്നെയാണ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. സിനിമാ ഡയലോഗുകളും ബി.ജി.എമ്മും ചേർത്ത് എഡിറ്റ് ചെയ്ത വീഡിയോ ആണ് പങ്കുവെച്ചത്.
വീഡിയോ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഫർസീൻ മജീദ് വയനാട് ആർ.ടി.ഒയ്ക്ക് പരാതി നൽകിയത്. വിഷയത്തിൽ ഹൈക്കോടതിയും ഇടപെട്ടതോടെയാണ് മോട്ടോർ വാഹനവകുപ്പ് നടപടികൾ ശക്തമാക്കിയത്. മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ആകാശ് തില്ലങ്കേരിക്ക് ഡ്രൈവിങ് ലൈസന്‍സില്ലെന്നാണ് കണ്ടെത്തിയത്.