ആലപ്പുഴ: തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങൾക്കൊപ്പം ആലപ്പുഴയെയും ബി.ജെ.പി.യുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി പാർട്ടിയുടെ കേന്ദ്രനേതൃത്വം. സംസ്ഥാന ഉപാധ്യക്ഷ ശോഭാസുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തിലൂടെ എൻ.ഡി.എ.ക്ക് ഇവിടെ വലിയ ജനപിന്തുണ ലഭിച്ചതായാണ് പാർട്ടിയുടെ വിലയിരുത്തൽ.
പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആലപ്പുഴയിലേക്ക് എത്താനുള്ള സാധ്യതയും ഉണ്ട്. ഇതുവരെ സംസ്ഥാന നേതൃത്വത്തിന്റെ മേൽനോട്ടത്തിലായിരുന്നു ആലപ്പുഴ. എ ക്ലാസ് പട്ടികയിലായതോടെ മേൽനോട്ടം കേന്ദ്രനേതൃത്വം ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി നേതൃതലത്തിലും മാറ്റങ്ങളുണ്ട്.
മണ്ഡലത്തിന്റെ ചുമതല ഇപ്പോൾ സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന് ആണ്. മാവേലിക്കര മണ്ഡലത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ജില്ലാ അധ്യക്ഷൻ എം.വി. ഗോപകുമാറിനെയും ആലപ്പുഴയിൽ ശോഭാസുരേന്ദ്രന്റെ പ്രചാരണത്തിനായി നിയോഗിച്ചിട്ടുണ്ട്. ആർ.എസ്.എസ്. പ്രാന്തീയ കാര്യകാര്യ സദസ്യൻ എം.ആർ. പ്രസാദിനെയും പുതുതായി നിയോഗിച്ചു. ഇനി ബൂത്തുതലം മുതലുള്ള പ്രവർത്തനം ആർ.എസ്.എസ്സാകും ഏകോപിപ്പിക്കുക.