തിരുവനന്തപുരം: അമരവിള ചെക്ക്പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. തിങ്കളാഴ്ച വൈകീട്ട് നാഗര്‍കോവിലില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി. ബസില്‍ യാത്രചെയ്ത രണ്ടുപേരില്‍നിന്നാണ് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 2.250 കിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി.സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ പിടിച്ചെടുത്തത്. മതിയായ രേഖകളില്ലാതെ സ്വര്‍ണവുമായി യാത്രചെയ്ത തൃശ്ശൂര്‍ സ്വദേശികളായ ജിജോ, ശരത് എന്നിവരെ ആഭരണങ്ങള്‍ സഹിതം പിന്നീട് ജി.എസ്.ടി. വകുപ്പിന് കൈമാറി. ഇവര്‍ക്ക് ഒമ്പതുലക്ഷം രൂപ പിഴ ചുമത്തി. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ്.എസ്.എസ്, അരുണ്‍ സേവ്യര്‍, ലാല്‍കൃഷ്ണ എന്നിവരും പരിശോധന നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.