പത്തനംതിട്ട: വിവാദങ്ങളില്‍പ്പെടുമ്പോള്‍ ആരുടേയെങ്കിലും പേരില്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് അനില്‍ ആന്റണിയുടേതെന്ന് പത്തനംതിട്ടയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ആന്റോ ആന്റണി. തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ആന്റോ ആന്റണിയാണെന്ന അനിലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അനില്‍ ആന്റണിക്ക് മറുപടി നല്കാന് ആഗ്രഹിക്കുന്നില്ല. ഇത്ര വിവരദോഷം പറയുന്ന ഒരുവ്യക്തിക്ക് മറുപടിപറയാന്‍ വേറെ ജോലിയൊന്നുമില്ലേയെന്നും ആന്റോ ആന്റണി ചോദിച്ചു. 10 വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് അനില്‍ ആന്റണിയുടെ പാര്‍ട്ടിയാണ്. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്. തനിക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടെങ്കില്‍ അവര്‍ കേസെടുക്കട്ടെ. ഇല്ലാത്ത കള്ളക്കഥയും പറഞ്ഞു നടക്കുന്നത് എന്തിനാണെന്നും ആന്റോ ആന്റണി ചോദിച്ചു.
സി.ബി.ഐ. സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിനായി തന്റെ കൈയില്‍നിന്ന് അനില്‍ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ദല്ലാള്‍ നന്ദകുമാറെന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാര്‍ രംഗത്തെത്തിയിരുന്നു. അനില്‍ ആന്റണിയില്‍നിന്നും പണം തിരികെ വാങ്ങിത്തരാന്‍ ദല്ലാള്‍ നന്ദകുമാര്‍ സമീപിച്ചെന്നും തുടര്‍ന്ന് താന്‍ പ്രശ്നത്തില്‍ ഇടപെട്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനും വെളിപ്പെടുത്തിയിരുന്നു.
ആരോപണങ്ങള്‍ക്കുപിന്നില്‍ ആന്റോ ആന്റണിയാണെന്ന് ആരോപിച്ച അനില്‍, പി.ജെ. കുര്യന്റെ ശിഷ്യനായ പത്തനംതിട്ടയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ആന്റോ ആന്റണിയും കുടുംബവും നിരവധി സഹകരണ ബാങ്കുകള്‍ കൊള്ളയടിച്ചുവെന്നും വിമര്‍ശനം ഉന്നയിച്ചിരുന്നു.