പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സി.പി.എം ചോര്‍ത്തിയെന്ന ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. പോളിങ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ വിവരം സാധാരണ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സമയത്ത് മാത്രമാണ് വെളിപ്പെടുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയുകയും ചെയ്യുക.
എന്നാല്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന് പരിധിയില്‍ വരുന്ന കോന്നി മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സി.പി.എം അനുകൂല സംഘടന ദിവസങ്ങള്‍ക്ക് മുമ്പെ ചോര്‍ത്തിയെന്നും വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയടക്കം വ്യാപകമായി പ്രചരിപ്പിച്ചുവെന്നുമാണ് ആരോപണം.
ഈ പട്ടിക ഉപയോഗിച്ചുകൊണ്ട് കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടക്കുന്നുവെന്നും ആന്റോ ആന്റണി പറയുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന പട്ടികയും അദ്ദേഹം പുറത്തുവിട്ടുണ്ട്. മാത്രമല്ല പാര്‍ട്ടിക്ക് അനുകൂലമാക്കി എങ്ങനെ വോട്ട് ചെയ്യിക്കാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് 350 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പഠന ക്ലാസ് സംഘടിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ വിഷയം അദ്ദേഹം ജില്ലാകളക്ടര്‍ക്കടക്കം പരാതിയായി നല്‍കുകയും ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി മണ്ഡലത്തില്‍ നടക്കുന്ന കള്ളവോട്ട് ശ്രമത്തെ കുറിച്ച് പരാതി നല്‍കിയിട്ട് ഒരു നടപടിയുമെടുത്തില്ലെന്നും ആന്റോ ആന്റണി പറഞ്ഞു.
മരിച്ചുപോയവരുടെയും, പ്രവാസികളുടെയും, തിരഞ്ഞെടുപ്പ് ദിവസം ഒരു കാരണവശാലും പോളിംഗ് ബൂത്തില്‍ എത്താന്‍ സാധിക്കാത്തവരുടെയും വ്യാജ ഐ.ഡി കാര്‍ഡുകള്‍ നിര്‍മിച്ചുകൊണ്ട് കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇതില്‍ പ്രവര്‍ത്തകര്‍ ജാഗരൂകരാകണമെന്നും ആന്റോ ആന്റണി സമൂഹ മാധ്യമങ്ങളിലും കുറിച്ചിരുന്നു.