ന്യൂഡല്‍ഹി: രണ്ടാം പിണറായി വിജയന് മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തൊണ്ടിമുതല്‍ കേസില്‍ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരായ ആരോപണം ഗുരുതരമാണ് എന്നാണ് സര്‍ക്കാര്‍ നിലപാട്. രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള കേസാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നും പുനരന്വേഷണത്തിനെതിരായ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തില്‍ പറയുന്നു.
ജസ്റ്റിസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് തൊണ്ടിമുതല്‍ കേസ് പരിഗണിക്കുക. കേസില്‍ പുനരന്വേഷണം നടത്തുന്നതിനെതിരെ ആന്റണി രാജു കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ നേരത്തേ സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പായാണ് സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിയായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍, കോടതിയിലിരുന്ന തൊണ്ടിമുതല്‍ മാറ്റിയെന്നതാണ് കേസ്. 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ചാണ് ഓസ്ട്രേലിയക്കാരന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി പിടിയിലാകുന്നത്. സെഷന്‍സ് കോടതി പ്രതിയെ ശിക്ഷിച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ പ്രതിയെ ഹൈക്കോടതി വെറുതേവിട്ടു. അടിവസ്ത്രം പ്രതിക്ക് പാകമാകുന്നതല്ലെന്ന് വിലയിരുത്തിയായിരുന്നു ഇത്.
ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് അഭിഭാഷകനായ ആന്റണി രാജുവിനെതിരെ ഉയര്‍ന്ന ആരോപണം. ഓസ്ട്രേലിയയിലേക്ക് മടങ്ങിയ പ്രതി അവിടെ കൊലപാതകക്കേസില്‍ അറസ്റ്റിലായതോടെയാണ് തൊണ്ടിമുതല്‍ മാറ്റിയ വിവരം പുറത്തുവരുന്നത്. കേസില്‍ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ.