കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽപെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ ഇടപെടല്‍. വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ നിർദേശം നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് ഇടപെടൽ. ഏറ്റവും ഒടുവിൽ റിംഗ് ചെയ്ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറി. വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും നിർദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, സംഭവ സ്ഥലത്ത് ഉടനെ എത്തുമെന്നും മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചതായാണ് അറിയാൻ കഴിഞ്ഞതെന്നും അര്‍ജുന്റെ ഭാര്യാ സഹോദരൻ പറഞ്ഞു. നിലവില്‍ എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ജൂലൈ എട്ടിനാണ് അര്ജുൻ ലോറിയില്‍ പോയതെന്നും തിങ്കളാഴ്ചയാണ് അവസാനമായി വിളിച്ച് സംസാരിച്ചതെന്നും അര്‍ജുന്റെ കോഴിക്കോട്ടുള്ള വീട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഫോണില്‍ കിട്ടുന്നില്ല. ഇന്ന് രാവിലെ എട്ടിന് വിളിച്ചപ്പോള്‍ അര്‍ജുന്റെ ഫോണ്‍ റിങ് ചെയ്തിരുന്നു. പിന്നീട് സ്വിച്ച് ഓഫായെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്നലെ രാത്രി വരെ ലോറിയുടെ എഞ്ചിൻ ഓണായിരുന്നുവെന്നാണ് ഭാരത് ബെന്‍സ് കമ്പനി വീട്ടുകാരെ അറിയിച്ചത്.
അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ ലോറിയിലാണ് അര്ജുൻ പോയിരുന്നത്. വാഹനത്തിന്റെ ജിപിഎസ് ലോക്കേഷൻ ഇപ്പോഴും മണ്ണിനിടയില്‍ തന്നെയാണെന്നും വീട്ടുകാര്‍ പറഞ്ഞു. ഷിരൂരില്‍ ലോറി കുടുങ്ങിയതില്‍ സഹായം ആവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പ് തന്നെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് മെയില്‍ അയച്ചിരുന്നുവെന്നും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്നും വീണ്ടും ബന്ധപ്പെടുമെന്നും ലോറി ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയൻ നേതാവ് സ്റ്റാലിൻ പറഞ്ഞു.