സർക്കാരിന്റെ സൗജന്യ ചികിത്സാപദ്ധതിയായ ആരോഗ്യകിരണത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കണമെന്ന് കോട്ടയം ജില്ലാ നിയമ സേവന അതോറിറ്റി (ഡി.എൽ.എസ്.എ.) ജില്ലാ ജനറൽ ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. ഇതുപ്രകാരം ഈ പദ്ധതി സംബന്ധിച്ച അറിയിപ്പുബോർഡുകൾ സ്ഥാപിക്കുമെന്ന് ജനറൽ ആശുപത്രി അധികൃതർ ഡി.എൽ.എസ്.എ.യിൽ അറിയിച്ചു.18 വയസ്സുവരെയുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സർക്കാർ പദ്ധതിയാണ് ആരോഗ്യകിരണം. പദ്ധതി പ്രകാരം പരിശോധന, ചികിത്സ, മരുന്നുകൾ ഇവ സൗജന്യമായി ലഭിക്കും. ആരോഗ്യകിരണം പദ്ധതി പൂർണതോതിൽ നടപ്പാക്കുമെന്ന് ആശുപത്രി അധികൃതർ ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ ഉറപ്പു നൽകി.
ജനറൽ ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ, പരിശോധനകൾ എന്നിവ ആശുപത്രിയുമായി എംപാനൽ ചെയ്തിട്ടുള്ള നിർദിഷ്ട മരുന്നുകടകളിലും ലാബുകളിലും ലഭ്യമാക്കും. ഒ.പി.ടിക്കറ്റിനോടൊപ്പം പൂർണമായ ചികിത്സാരേഖകളും സാഹചര്യമനുസരിച്ച് ആശുപത്രി അധികൃതർ ആവശ്യപ്പെടുന്ന മറ്റ് രേഖകളും ആശുപത്രിയിൽ ഹാജരാക്കണം. എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെയാണ് പരിഗണന. രാഷ്ട്രീയ ബാൽസ്വാസ്ഥ്യ കാര്യക്രം പദ്ധതിപ്രകാരം ചികിത്സാസഹായം ലഭിക്കുന്ന 30 രോഗങ്ങൾക്ക് പുറമേയുള്ള എല്ലാ രോഗങ്ങൾക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ സഹായം ലഭിക്കും.