അയോധ്യ: അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ച ഉണ്ടാവുകയും ക്ഷേത്ര വഴിയിൽ വെള്ളക്കെട്ടുണ്ടാവുകയും ചെയ്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു.
പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ധ്രുവ് അഗർവാൾ, അസിസ്റ്റൻന്റ് എഞ്ചിനീയർ അനൂജ് ദേശ്വാൾ, ജൂനിയർ എഞ്ചിനീയർ പ്രഭാത് പാണ്ഡെ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ആനന്ദ് കുമാർ ദുബെ, അസിസ്റ്റന്റ് എഞ്ചിനീയർ രാജേന്ദ്ര കുമാർ യാദവ്, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
റോഡ് മോശമാണെങ്കിൽ ദേശീയപാതാ ഏജൻസികൾ ടോൾ പിരിക്കരുതെന്ന് നിതിൻ ഗഡ്കരി
വെള്ളിയാഴ്ച സ്പെഷ്യൽ സെക്രട്ടറി വിനോദ് കുമാറിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ വി.കെ ശ്രീവാസ്തവാണ് പാണ്ഡെയെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
വിഷയവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ആസ്ഥാനമായുള്ള കരാറുകാരായ ഭുവൻ ഇൻഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും സംസ്ഥാന സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. ക്ഷേത്രനിർമ്മാണത്തിൽ അനാസ്ഥയുണ്ടെന്ന് ആരോപിച്ച് രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയിരുന്നു.
കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെ ക്ഷേത്രത്തിൽ ചോർച്ചയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ക്ഷേത്രത്തിലേക്കുള്ള വഴിയിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. അതേസമയം, ശ്രീരാമൻ ഇരിക്കുന്ന ശ്രീകോവിലിൻ്റെ മേൽക്കൂരയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും താഴേക്ക് ഒഴുകിയിട്ടില്ലെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യാഴാഴ്ച പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അജയ് ചൗഹാൻ പറഞ്ഞു.