സംസ്ഥാനത്ത ആഴക്കടൽ മീൻപിടിത്തത്തിന് അവധി നൽകി ട്രോളിങ് നിരോധനം ഞായർ അർധരാത്രി 12 മുതൽ ആരംഭിക്കും. ജൂലൈ 31 അർധരാത്രി 12വരെയാകും നിരോധനം. ഈ 52 ദിവസം പരമ്പരാഗത യാനങ്ങളിൽ മീൻപിടിത്തം അനുവദിക്കും. ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകും.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചു. ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ പൂട്ടി. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ നൽകാൻ അതത് ജില്ലയിൽ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ പ്രവർത്തിക്കും. മറൈൻ എൻഫോഴ്സ്സ്മെൻ്റും തീരദേശ പൊലീസും പരിശോധന കർശനമാക്കി. ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നിയമനടപടിയുണ്ടാകും.